കുട്ടിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം: അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍
Thursday, May 22, 2025 1:40 AM IST
കോലഞ്ചേരി/ നെടുമ്പാശേരി: മൂന്നുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പുത്തന്‍കുരിശ് പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായിട്ടില്ല.
അതേസമയം കുട്ടിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞത് ആസൂത്രിതമായി തന്നെയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ചാലക്കുടി പുഴയുടെ ഭാഗമായ മൂഴിക്കുളത്ത് എത്തുന്നതിനുമുന്പ് ആലുവ മണപ്പുറത്ത് അരമണിക്കൂറിലധികം മകളുമായി തങ്ങിയതാണ് സംശയം ബലപ്പെടാനിടയാക്കിയത്.
മണപ്പുറത്ത് തങ്ങിയത് ആലുവ പുഴയില്‍ കുട്ടിയെ എറിയാനായിരുന്നെന്നാണ് സംശയിക്കുന്നത്. സന്ധ്യയെയും കുട്ടിയെയും ഇവിടെ എത്തിച്ച ഓട്ടോഡ്രൈവറാണ് അരമണിക്കൂറോളം മണപ്പുറത്ത് തങ്ങിയതായുള്ള വിവരം പോലീസിന് നല്‍കിയത്.