വിളക്കന്നൂരിലെ ദിവ്യകാരുണ്യ അദ്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം
Thursday, May 22, 2025 12:56 AM IST
വിളക്കന്നൂർ (കണ്ണൂർ): വിളക്കന്നൂരിലെ ദിവ്യകാരുണ്യ അദ്ഭുതം വത്തിക്കാൻ അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം 31 ന് ഉച്ചകഴിഞ്ഞ് 2.30ന് വിളക്കന്നൂർ ക്രിസ്തുരാജാ പള്ളിയിൽ നടക്കും.
ആഘോഷമായ സമൂഹബലിമധ്യേ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലിയാണ് വത്തിക്കാൻ വിശ്വാസകാര്യാലയത്തിന്റെ ഡിക്രി വായിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.
12 വർഷത്തിനുശേഷം പ്രഖ്യാപനം
വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ 2013 നവംബർ 15 ന് ഇടവക വികാരിയായിരുന്ന ഫാ. തോമസ് പതിക്കൽ രാവിലെ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് തിരുവോസ്തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്നത്.
തിരുവോസ്തിയുടെ നടുവിൽ ഒരു അടയാളം പ്രത്യക്ഷപ്പെടുകയും വളരെ പെട്ടെന്നുതന്നെ അതിൽ ഈശോയുടെ തിരുമുഖത്തിന്റെ ഛായ തെളിയുകയും ചെയ്തു. വിശുദ്ധ കുർബാനയിൽ പങ്കെടുത്തവരെ ഈ തിരുവോസ്തി ഫാ. തോമസ് കാണിക്കുകയും ആരാധനയ്ക്കായി അരുളിക്കയിൽ വയ്ക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകൾ തിരുവോസ്തി ദർശിക്കാനായി വിളക്കന്നൂർ പള്ളിയിലേക്ക് എത്തിയിരുന്നു.
അന്നത്തെ തലശേരി ആർച്ച്ബിഷപ്പായിരുന്ന മാർ ജോർജ് വലിയമറ്റത്തിന്റെ നിർദേശപ്രകാരം 2013 നവംബർ 17ന് തിരുവോസ്തി തലശേരി ആർച്ച്ബിഷപ്സ് ഹൗസിലേക്കു കൊണ്ടുവന്നിരുന്നു. ഈ പ്രതിഭാസത്തെക്കുറിച്ച് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോസഫ് അരുമച്ചാടത്ത് എന്നിവരടങ്ങിയ സീറോമലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷനെ ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തി.
മോൺ. മാത്യു വെള്ളാനിക്കൽ, റവ.ഡോ. ജോസ് പാലക്കീൽ എംഎസ്ടി, റവ. ഡോ. സിബി പുളിക്കൽ, റവ.ഡോ.ജോസഫ് പാംപ്ലാനി, റവ.ഡോ. തോമസ് മേൽവെട്ടം, റവ. ഡോ. ജോർജ് കുടിലിൽ എന്നിവരടങ്ങുന്ന സമിതിയായിരുന്നു പഠനം നടത്തിയത്. 2013 ഡിസംബർ 21 ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
2018 ൽ വിശ്വാസ കാര്യാലയത്തിന്റെ നിർദേശമനുസരിച്ച് കൂടുതൽ പഠനത്തിനായി തിരുവോസ്തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി വത്തിക്കാനിലേക്ക് കൊണ്ടുപോയി. 2023 ഓഗസ്റ്റ് എട്ടിന് വത്തിക്കാനിലെ വിശ്വാസ കാര്യാലയത്തിന്റെ അധ്യക്ഷനായ കർദിനാൾ ലൂയിസ് ഫ്രാൻസിസ്കോ ലെസാരിയ്ക്ക് പഠനവിവരങ്ങൾ അറിയാൻ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കത്തെഴുതിയിരുന്നു. 2023 സെപ്റ്റംബർ 21 ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി വിശ്വാസ കാര്യാലയത്തിന്റെ മറുപടി ലഭിച്ചു.
തിരുവോസ്തിയിൽ സംഭവിച്ച അദ്ഭുത പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ പഠനം നടത്താനുള്ള മറുപടിയാണ് വത്തിക്കാനിൽനിന്നുണ്ടായത്. 2024 ജനുവരി 15 ന് കൂടുതൽ പഠനത്തിനായി തിരുവോസ്തി ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിയിൽനിന്ന് ഏറ്റുവാങ്ങുകയും തലശേരി അതിരൂപതാ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു.
ലാബിലും പഠനം
ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ അത്യാധുനിക ലാബിൽ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണു വത്തിക്കാൻ നിർദേശിച്ച മൂന്നു പരീക്ഷണ പഠനങ്ങൾ നടത്തിയത്. കാര്യാലയത്തിന്റെ നിർദേശമനുസരിച്ച് ശാസ്ത്രീയ പരീക്ഷണങ്ങളും പഠനങ്ങളും നടത്താൻ ശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും അടങ്ങിയ സമിതിയെ നിയോഗിച്ചു.
2024 ജനുവരി 23 നാണ് തിരുവോസ്തി കൂടുതൽ പഠനത്തിനായി ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ എത്തിച്ചത്. പഠനത്തിന്റെ പൂർണ റിപ്പോർട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി 2024 ഏപ്രിൽ രണ്ടിന് വത്തിക്കാനു സമർപ്പിച്ചു.
വിളക്കന്നൂരിലെ പ്രതിഭാസം ഒരു അസാധാരണസംഭവമായി പ്രഖ്യാപിക്കുന്നതിനു തടസമില്ലെന്ന വത്തിക്കാൻ വിശ്വാസ കാര്യാലയത്തിന്റെ അറിയിപ്പ് 2025 മാർച്ച് 19 ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി ലഭിച്ചു.
ദൈവജനത്തെ ഈ അദ്ഭുത പ്രതിഭാസത്തെക്കുറിച്ച് അറിയിക്കാനുള്ള ഡിക്രി മലയാളത്തിൽ പരിഭാഷപ്പെടുത്തി വിശ്വാസകാര്യാലയത്തിനും സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പിനും ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റിനും നൽകുവാനും നിർദേശിച്ചു.
ഡിക്രി പരിഭാഷപ്പെടുത്തി വത്തിക്കാനിൽ എത്തിച്ചതിനെത്തുടർന്ന് ഈ അദ്ഭുത പ്രതിഭാസത്തെക്കുറിച്ച് ദൈവജനത്തെ അറിയിക്കാനുള്ള അനുമതി വത്തിക്കാൻ നൽകുകയായിരുന്നു.