കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്ന കേസ്: അമ്മയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്
Thursday, May 22, 2025 12:56 AM IST
നെടുമ്പാശേരി: മൂന്നു വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ സന്ധ്യയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. കസ്റ്റഡിയിൽ ലഭിച്ചാൽ കുഞ്ഞിനെ പുഴയിലെറിഞ്ഞ സ്ഥലത്ത് ഉൾപ്പെടെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.
എറണാകുളം തിരുവാണിയൂർ മറ്റക്കുഴി സുഭാഷിന്റെ മകൾ കല്യാണിയെയാണ് സന്ധ്യ ചാലക്കുടി പുഴയിൽ എറിഞ്ഞുകൊന്നത്. കൊലയ്ക്കു പ്രേരിപ്പിച്ച കാര്യങ്ങൾ സംബന്ധിച്ച് കൂടുതലൊന്നും പ്രതി പോലീസിനോടു പറഞ്ഞിട്ടില്ല. തെളിവെടുപ്പിന് കൊണ്ടുവരുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
അതേസമയം, സന്ധ്യ കുഞ്ഞുമായി വീട്ടിൽ വരുമ്പോൾ അസ്വാഭാവികമായി ഒന്നുമുണ്ടാകാറില്ലെന്ന് സന്ധ്യയുടെ അമ്മ അല്ലി പറഞ്ഞു. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതായി തങ്ങൾക്ക് യാതൊരു വിവരവുമില്ല. ഭർത്താവിൽനിന്ന് മർദനവും ഭർത്താവിന്റെ വീട്ടുകാരിൽനിന്ന് അവഗണനയും ഉണ്ടാകാറുണ്ടെന്നും സന്ധ്യയുടെ അമ്മ പറഞ്ഞു.