കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊണ്ടോട്ടിയിൽ നിന്നു കണ്ടെത്തി
Thursday, May 22, 2025 11:39 AM IST
കോഴിക്കോട്: കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകന് അന്നൂസ് റോഷനെ (21) മലപ്പുറം കൊണ്ടോട്ടിയില്‍നിന്നാണ് കണ്ടെത്തിയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തുന്നത്. അന്നൂസ് റോഷനുമായി പിതാവ് ഫോണില്‍ സംസാരിച്ചു.
തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു. കൊണ്ടോട്ടി ബസ് സ്റ്റാൻഡില്‍നിന്നാണ് യുവാവിനെ കണ്ടെത്തിയത്. അഞ്ചുദിവസം മുമ്പാണ് യുവാവിനെ സംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ക്കായി പോലീസ് ബുധനാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് രണ്ടുപേരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, അനസ് എന്നിവരാണ് പിടിയിലായത്. പോലീസ് പിന്നിലുണ്ടെന്ന് മനസിലാക്കിയ സംഘം അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം.
യുവാവിനെ കൊടുവള്ളി പോലീസിന് കൈമാറി. പോലീസ് ഉടന്‍ യുവാവുമായി കൊടുവളളിയില്‍ എത്തും. പ്രതികള്‍ ഒളിവിലായതിനാല്‍ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘംഅറിയിച്ചു.
സഹോദരന് വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. എന്നാല്‍ അന്നൂസ് റോഷനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.