എവിടെ തിരിഞ്ഞാലും പുലി; വയനാട് വീണ്ടും ആശങ്കയില്‍
Thursday, May 22, 2025 4:48 PM IST
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പുലിയുടെ ആക്രമണം. കബനിഗിരിയില്‍ പുലി ആടിനെ കടിച്ചു കൊന്നു. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. മറ്റൊരു ആടിന് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
പുലിയുടെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടാം തവണയാണ് ഈ പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം വളര്‍ത്തുനായയെ പുലി പിടിച്ചിരുന്നു. പ്രദേശത്ത് രണ്ട് കൂടുകള്‍ വനം വകുപ്പ് സ്ഥാപിച്ചുവെങ്കിലും പുലി കുടുങ്ങിയില്ല.
പുലിയെ കണ്ടെത്താന്‍ സാധിക്കാത്തത് പുല്‍പ്പള്ളി മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കബനിഗിരിയിലെ ഒരു വീടിന്റെ മുറ്റത്ത് രാത്രിയില്‍ പുലി എത്തിയ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. വീടിന്റെ മതിലില്‍ ഏറെ നേരം പുലി കയറി ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇതോടെ പകല്‍ സമയം പോലും ധൈര്യമായി പുറത്തിറങ്ങാന്‍ മടിക്കുകയാണ് ആളുകള്‍. ഇന്നലെ ബത്തേരി നഗരത്തില്‍ മൈസൂര്‍ റോഡില്‍ കോട്ടക്കുന്നില്‍ പുതുശേരിയില്‍ പോള്‍ മാത്യൂസിന്റെ വീട്ടു പരിസരത്തും പുലി എത്തിയിരുന്നു. കോഴിക്കൂടിനടുത്ത് പുലി വന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയും ചൊവ്വാഴ്ചയും മാത്യൂസിന്റെ വീട്ടില്‍ പുലി എത്തിയിരുന്നു. ചൊവ്വാഴ്ച മാത്യൂസിന്റെ കോഴിക്കൂട്ടിലുണ്ടായിരുന്ന നാല് കരിങ്കോഴി ഉള്‍പ്പെടെ ഒമ്പത് കോഴികളെ കൊന്നിരുന്നു. പുലി കോഴികളെ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങള്‍ വീടിന്റെ സമീപത്തു നിന്ന് കണ്ടെത്തുകയും ചെയ്തു.
അന്ന് വനം വകുപ്പ് സ്ഥലത്തെത്തിയെങ്കിലും കൂട് സ്ഥാപിച്ചില്ല. രണ്ടാഴ്ച മുമ്പ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്ന ഫെയര്‍ലാന്‍ഡ് കോളനി ഭാഗത്താണ് പുലിയെ ആദ്യമായി കണ്ടത്. പിന്നീട് പുലി കോട്ടക്കുന്ന് ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.
കോട്ടക്കുന്നിന് ഏകദേശം ഒരു കിലോമീറ്റര്‍ മാറിയാണ് വനം. പുലി നഗരത്തിലെത്തിയ ശേഷം തിരിച്ച് ഇതുവരെ വനത്തിലേക്ക് പോയിട്ടില്ലെന്നാണ് സൂചന.