കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം
Thursday, May 22, 2025 6:45 PM IST
കാസർഗോഡ്: കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളിൽ രണ്ടു പേർ മുങ്ങിമരിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ മസ്ജിദിന്റെ കുളത്തിലുണ്ടായ അപകടത്തിൽ മാണിക്കോത്ത് അസീസിന്റെ മകൻ അഫാസ് (ഒമ്പത്), മഡിയനിലെ ഹൈദറിന്റെ മകൻ അൻവർ (10) എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പമുണ്ടായിരുന്ന ഹാഷിമിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്നേമുക്കാലോടെയാണ് അതിദാരുണമായ സംഭവം ഉണ്ടായത്. അപകടത്തിൽപ്പെട്ട മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അഫാസിന്റെയും അൻവറിന്റെയും ജീവൻ രക്ഷിക്കാനായില്ല.
അൻവറിന്റെ സഹോദരനാണ് ഹാഷിം. ഗുരുതരാവസ്ഥയിൽ തുടരുന്ന ഹാഷിമിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാൾ പൊക്കത്തിൽ ആഴമുള്ള കുളമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. കുട്ടികൾക്ക് നീന്തൽ അറിയുമായിരുന്നില്ല.
കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപകടത്തിൽ പെട്ടതാകാമെന്നാണ് നിഗമനം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.