ദേശീയപാത നിര്‍മാണത്തിൽ സര്‍ക്കാരിന് പങ്കില്ല; ഉത്തരവാദിത്തം നാഷണല്‍ ഹൈവേ അഥോറിറ്റിക്ക്: മുഖ്യമന്ത്രി
Thursday, May 22, 2025 7:21 PM IST
കൊല്ലം: ദേശീയപാത ഇടിഞ്ഞതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയപാത നിർമാണത്തിൽ പൊതുമരാമത്ത് വകുപ്പിനോ കേരളാ സര്‍ക്കാരിനോ ഒരു പങ്കുമില്ലെന്നും നാഷണല്‍ ഹൈവേ അഥോറിറ്റിക്കാണ് ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍മാണത്തിലിരിക്കുന്ന ദേശീയപാതയില്‍ തകര്‍ച്ചയുണ്ടായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എല്‍ഡിഎഫ് 2016ല്‍ അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ദേശീയപാത വികസനം നടക്കില്ലായിരുന്നു.
ദേശീയപാതയ്ക്കുള്ള സ്ഥലം ഏറ്റെടുത്ത് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. നിര്‍മാണത്തിലെ പ്രശ്നങ്ങളില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സർക്കാരിനോയില്ല. എല്ലാം നാഷണല്‍ ഹൈവേ അഥോറിറ്റിയുടെ നിയന്ത്രണത്തിലാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൊല്ലത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.