വയനാട്ടിൽ കനത്ത മഴ: പനമരം ചെറിയ പാലത്തിന് സമീപം മണ്ണിടിച്ചിൽ
Tuesday, May 27, 2025 12:10 AM IST
കൽപ്പറ്റ: കനത്ത മഴയിൽ വയനാട്ടിലെ പനമരം ചെറിയ പാലത്തിന് സമീപം മണ്ണിടിച്ചിൽ. ഇതേത്തുടർന്ന് പനമരം - നടവയൽ റൂട്ടിൽ താൽക്കാലികമായി ഗതാഗതം നിരോധിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പനമരം പോലീസിന്റെ നേതൃത്വത്തിൽ റോഡ് താൽക്കാലികമായി അടച്ചിരിക്കുകയാണ്. ചെറിയ പാലം അപകടാവസ്ഥയിൽ ആയതിനാലാണ് നിയന്ത്രണം. തുടർച്ചയായുള്ള മഴ നിലയ്ക്കുന്നത് വരെയാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്.
സുൽത്താൻബത്തേരി, പുൽപ്പള്ളി, കേണിച്ചിറ, നടവയൽ, നെല്ലിയമ്പം, നീർവാരം, ദാസനക്കര ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ മറ്റ് റോഡുകളെ ആശ്രയിക്കണമെന്ന് പോലീസ് അറിയിച്ചു.