പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി; സിആർപിഎഫ് എഎസ്ഐ അറസ്റ്റിൽ
Tuesday, May 27, 2025 1:42 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാനു പങ്കുവച്ചതിന് ഡൽഹിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥനെയും രാജസ്ഥാനിൽ ഒരു യുവാവിനെയും അറസ്റ്റ് ചെയ്തു. കേരളത്തിൽ പലതവണ വന്നിട്ടുള്ള യുട്യൂബർ ഹരിയാന സ്വദേശി ജ്യോതി മൽഹോത്ര, പഞ്ചാബിൽ നിന്നുള്ള ഗുസാല എന്നീ യുവതികളെ പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയതിനു നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി കുറഞ്ഞത് 12 പേരെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ അന്വേഷണ ഏജൻസികളും പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ചാരശൃംഖലയുടെ സാന്നിധ്യം ഉത്തരേന്ത്യയിലുടനീളം വ്യാപിച്ചിരുന്നുവെന്നാണ് അന്വേഷണവിവരങ്ങൾ സൂചിപ്പിക്കുന്നത്.
പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് (പാക് ഇന്റലിജൻസ് ഓഫീസർമാർ) ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയതിനാണു സിആർപിഎഫിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ (എഎസ്ഐ) മോത്തി റാം ജാട്ടിനെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു.
മോത്തി റാം സജീവമായി ചാരവൃത്തിയിൽ ഏർപ്പെട്ടിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ 2023 മുതൽ പാക് ഉദ്യോഗസ്ഥർക്ക് ഇയാൾ കൈമാറിയിരുന്നുവെന്ന് ഭീകരവിരുദ്ധ ഏജൻസി വെളിപ്പെടുത്തി. മോത്തി റാമിന്റെ സോഷ്യൽ മീഡിയ നിരീക്ഷിച്ചതിൽ സംശയം തോന്നിയതിനെത്തുടർന്നാണ് കൂടുതൽ അന്വേഷണം നടത്തിയത്.
പാക്കിസ്ഥാൻ ഉദ്യോഗസ്ഥരിൽനിന്നു വിവിധ മാർഗങ്ങളിലൂടെ സിആർപിഎഫ് ഉദ്യോഗസ്ഥനായിരിക്കെ മോത്തി റാമിനു ഫണ്ട് ലഭിക്കുന്നുണ്ടെന്ന് എൻഐഎ വെളിപ്പെടുത്തി. ഡൽഹിയിൽ നിന്നു കസ്റ്റഡിയിലെടുത്ത മോത്തി റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പട്യാല ഹൗസ് കോടതിയിലെ പ്രത്യേക കോടതി ജൂണ് ആറ് വരെ ഇയാളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ എൻഐഎ ഉദ്യോഗസ്ഥർ വിശദമായി ചോദ്യംചെയ്തു വരികയാണ്.
രാജ്യസുരക്ഷ അപകടത്തിലാക്കുന്ന എന്തൊക്കെ വിവരങ്ങൾ ഇയാൾ കൈമാറിയിട്ടുണ്ടെന്നു ചോദ്യം ചെയ്യലിനു ശേഷമേ വ്യക്തമാകൂ. മോത്തി റാം ജാട്ടിനെ കഴിഞ്ഞ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുംവിധം സർവീസിൽനിന്നു ഡിസ്മിസ് ചെയ്തതായി സിആർപിഎഫ് വക്താവ് അറിയിച്ചു.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി രണ്ടാഴ്ചയ്ക്കിടെ അറസ്റ്റിലായ ഒരു ഡസനിലേറെ പേരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം സുരക്ഷാ ഏജൻസികൾ ചാരവൃത്തി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ചാരവൃത്തി ശൃംഖലകളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനുള്ള സാധ്യത അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല. അന്വേഷണങ്ങൾ തുടരുകയാണ്.
ഇതിനിടെ, ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാക്കിസ്ഥാനു തന്ത്രപ്രധാനമായ രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയ രാജസ്ഥാൻകാരനായ ഖാസിം എന്നയാളെയും അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഭരത്പുർ ജില്ലയിൽനിന്നുള്ളയാളാണ്. ഇയാളെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരാണു കസ്റ്റഡിയിലെടുത്തത്. ഇയാൾ മുന്പ് പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. പാക്കിസ്ഥാൻകാരിയെ വിവാഹം കഴിച്ച ഖാസിം, ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയുണ്ടായ ദിവസങ്ങളിൽ അവരുമായി പലതവണ ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഏതാനും ദിവസം മുന്പു ഗുജറാത്തിൽനിന്ന് 28കാരനായ സഹദേവ്സിംഗ് ഗോഹിൽ എന്നയാളെ പാക് ചാരവൃത്തിയുടെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്തിലെ പാക് അതിർത്തി ജില്ലയായ കച്ചിൽ കരാർ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകനായി ജോലി ചെയ്തുവരികയായിരുന്നു ഗോഹിൽ.
അദിതി ഭരദ്വാജ് എന്ന പേരിലുള്ള പാക്കിസ്ഥാൻ ഏജന്റായ യുവതിയുടെ പേരിലാണു ഗോഹിലിനെ ചാരപ്രവർത്തനത്തിനായി വശീകരിച്ചതെന്നു ഗുജറാത്തിലെ ഭീകരവിരുദ്ധസ്ക്വാഡ് (ആന്റി ടെററിസ്റ്റ് സ്ക്വാഡ്- എടിഎസ്) അറിയിച്ചു. അദിതി എന്നതു വ്യാജ പേരാണെന്നാണു കരുതുന്നത്.
അതിർത്തി സുരക്ഷാസേനയുടെയും ഇന്ത്യൻ നാവികസേനയുടെയും നിർമാണത്തിലിരിക്കുന്നതും നിലവിലുള്ളതുമായ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാനാണു ഗോഹിലിനോട് അവൾ ആവശ്യപ്പെട്ടത്. ചില വിവരങ്ങളെങ്കിലും ഇയാൾ പാക് ചാരന്മാർക്കു കൈമാറിയെന്നാണു കരുതുന്നത്.
കേരളത്തിലടക്കം വന്ന് വീഡിയോകളും ഫോട്ടോകളുമെടുത്ത, ഹരിയാനയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജ്യോതി മൽഹോത്രയെ കഴിഞ്ഞ 17നാണ് പാക് ചാരപ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്ന ജ്യോതിയിലൂടെ വലിയ ചാരപ്രവർത്തനമാണു പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്.
ഓപ്പറേഷൻ സിന്ദൂർ ദിവസങ്ങളിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽ ചാരപ്രവർത്തനത്തിനു നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനായ ഡാനിഷ് എന്നറിയപ്പെടുന്ന എഹ്സാൻ-ഉർ-റഹീമുമായി ജ്യോതി ആശയവിനിമയം നടത്തിയിരുന്നു. ഇയാളെ പിന്നീട് ഇന്ത്യ പുറത്താക്കി. ജ്യോതിക്ക് യുട്യൂബിൽ 3.77 ലക്ഷം സബ്സ്ക്രൈബർമാരും ഇൻസ്റ്റഗ്രാമിൽ 1.33 ലക്ഷം ഫോളോവേഴ്സുമുണ്ട്.