പാക്കിസ്ഥാനെ സാന്പത്തിക സമ്മർദത്തിലാക്കാൻ ഇന്ത്യ
Saturday, May 24, 2025 1:14 AM IST
സീനോ സാജു
ന്യൂഡൽഹി: പാക്കിസ്ഥാനെ സാന്പത്തിക സമ്മർദത്തിലാക്കാൻ അന്താരാഷ്ട്രതലത്തിൽ നീക്കങ്ങളുമായി ഇന്ത്യ. സാന്പത്തിക കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) "ഗ്രേ' ലിസ്റ്റിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം.
എഫ്എടിഎഫിന്റെ അടുത്ത യോഗത്തിൽ പാക്കിസ്ഥാനെതിരായ നടപടിക്ക് ഇന്ത്യ സമ്മർദം ചെലുത്തുമെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
പാക്കിസ്ഥാന് ആഗോളതലത്തിൽനിന്നു ലഭിക്കുന്ന ഫണ്ടുകളുടെ സ്രോതസുകൾ തടയാനുള്ള നീക്കത്തിൽ ലോകബാങ്കിൽനിന്ന് പാക്കിസ്ഥാന് ലഭിക്കുന്ന വായ്പകളിലും എതിർപ്പറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിനുള്ള ധനസഹായം തുടങ്ങിയ സാന്പത്തിക കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ അതത് ഭരണകൂടങ്ങൾ പരാജയപ്പെടുന്പോഴാണ് എഫ്എടിഎഫ് ആ രാജ്യങ്ങളെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുക. ഒരു രാജ്യം ഈ ലിസ്റ്റിനു കീഴിലായാൽ വർധിച്ച സാന്പത്തിക നിരീക്ഷണത്തിനു വിധേയമാകാൻ ആ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നാണ് അർഥമാക്കപ്പെടുന്നത്. സാന്പത്തിക സംവിധാനത്തിന്റെ പോരായ്മകൾ പരിഹരിക്കപ്പെടുന്നതുവരെ ഈ ഉയർന്ന നിരീക്ഷണം തുടരും.
നിരീക്ഷണം ശക്തമായാൽ രാജ്യത്തിന്റെ സാന്പത്തിക ഇടപാടുകളിൽ നേരിട്ടും അല്ലാതെയും നിയന്ത്രണങ്ങളുമുണ്ടാകുമെന്നതാണ് അനന്തരഫലം.
നിലവിൽ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ 25 രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. 2018ൽ പാക്കിസ്ഥാൻ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുകയും കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിനുള്ള കർമ പദ്ധതി രാജ്യത്തിന് നൽകപ്പെടുകയും ചെയ്തിരുന്നു.
എങ്കിലും തീവ്രവാദത്തിന് ധനസഹായം നൽകുന്ന വിഷയത്തിൽ ക്ലീൻ ചിറ്റ് നൽകി 2022ൽ പാക്കിസ്ഥാൻ ഈ ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ വീണ്ടും ഉൾപ്പെടുത്താനാണ് ഇന്ത്യ സമ്മർദം ചെലുത്തുന്നത്.
അതിനിടെ, പാക്കിസ്ഥാന് നൽകുന്ന 100 കോടി ഡോളറിന്റെ വായ്പയെ ഐഎംഎഫ് ന്യായീകരിച്ച.
എല്ലാ ഉപാധികളും പാലിച്ചതുകൊണ്ടാണ് പാക്കിസ്ഥാന് കടം നൽകുന്നതെന്നാണ് ഐഎംഎഫ് പറയുന്നത്. എന്നാൽ, ഫണ്ടുകൾ പാക്കിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, വായ്പ നൽകാനുള്ള തീരുമാനം ഐഎംഎഫ് പുനഃപരിശോധിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
പാക്കിസ്ഥാന് വായ്പ അനുവദിക്കുന്പോഴെല്ലാം അവരുടെ ആയുധസമാഹരണത്തിലും വർധനയുണ്ടായിട്ടുണ്ടെന്ന് ഇന്ത്യ ഐഎംഎഫിനെ അറിയിച്ചിട്ടുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പാക്കിസ്ഥാന് 2000 കോടി ഡോളറിന്റെ വായ്പാ പാക്കേജ് അനുവദിക്കുന്ന കാര്യം ലോകബാങ്ക് ജൂണിൽ ചർച്ച ചെയ്യുമെന്നാണു സൂചന.