ഇഡി പരിധി വിടുന്നു ; രൂക്ഷവിമർശനവുമായി സുപ്രീംകോടതി
Friday, May 23, 2025 1:28 AM IST
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എല്ലാ പരിധിയും മറികടക്കുന്നതായും രാജ്യത്തിന്റെ ഫെഡറൽ ഘടന ലംഘിക്കുന്നതായും സുപ്രീംകോടതി.
തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപറേഷനെതിരെ (ടാസ്മാക്) ഇഡി നടത്തിയ അന്വേഷണവും റെയ്ഡും സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര ഏജൻസിയെ രൂക്ഷമായി വിമർശിച്ചത്. വ്യക്തികൾക്കെതിരേ ഇഡിക്ക് കേസ് രജിസ്റ്റർ ചെയ്യാം. എന്നാൽ, ഒരു സഹകരണ സ്ഥാപനത്തിനെതിരേ ഇത് എങ്ങനെ സാധ്യമാകുമെന്നും ഇഡിയോട് സുപ്രീംകോടതി ചോദിച്ചു.
ടാസ്മാക്കിൽ 1,000 കോടി രൂപയുടെ മദ്യ അഴിമതി നടന്നുവെന്നാരോപിച്ചുള്ള കേസിൽ അന്വേഷണം തുടരാൻ അനുവദിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണു ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര ഏജൻസിക്കെതിരേ ആഞ്ഞടിച്ചത്.
2014- 2021 കാലയളവിലെ അഴിമതി ആരോപണത്തിൽ മദ്യവില്പന നടത്തിപ്പുകാർക്കെതിരേ സംസ്ഥാനം 41 എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് തമിഴ്നാടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു.
എന്നാൽ ഈ വർഷം അന്വേഷണം നടത്തിയ ഇഡി ടാസ്മാക്കിന്റെ ആസ്ഥാനം റെയ്ഡ് ചെയ്തതായും ഉദ്യോഗസ്ഥരുടെ ഫോണുകൾ പിടിച്ചെടുത്ത് വിവരങ്ങൾ ശേഖരിച്ചതായും കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഇഡിയുടെ ഇത്തരം നടപടികൾ സ്വകാര്യതയുടെ ലംഘനമാണെന്ന് ടാസ്മാക്കിനുവേണ്ടി ഹാജരായ മുകുൾ റോഹ്ത്തഗിയും ആരോപിച്ചു.
ടാസ്മാക്കിൽ 1000 കോടി രൂപയുടെ അഴിമതി നടന്നതായി ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു ആരോപിച്ചപ്പോൾ നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്ന വിഷയത്തിൽ ഇഡി അനാവശ്യമായി കടന്നുകൂടുകയാണെന്ന് കോടതി നിരീക്ഷിച്ചു.
ഇഡിയുടെ അനാവശ്യ ഇടപെടലിനെതിരേ സമാന നിരീക്ഷണങ്ങൾ മുൻകാലങ്ങളിലും സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. തെളിവുകളില്ലാതെ ആരോപണം മാത്രമാണ് ഇഡി ഉന്നയിക്കുന്നതെന്ന് ഛത്തീസ്ഗഡിലെ മദ്യ അഴിമതിയുമായി ബന്ധപ്പെട്ട ഒരു കേസിൽ ഈ മാസം ആദ്യം സുപ്രീംകോടതി വിമർശിച്ചിരുന്നു.