ലക്നോ സൂപ്പർ ജയന്റ്സിന് ആശ്വാസ ജയം
Friday, May 23, 2025 12:41 AM IST
അഹമ്മദാബാദ്: പ്ലേ ഓഫിൽ കയറിയ ഗുജറാത്ത് ടൈറ്റൻസിനെ 33 റണ്‍സിനു കീഴടക്കി ലക്നോ സൂപ്പർ ജയന്റ്സ്. പ്ലേ ഓഫ് കാണാതെ പുറത്തായ ലക്നോയ്ക്ക് ആശ്വാസ ജയം നൽകിയത് മിച്ചൽ മാർഷിന്റെ സെഞ്ചുറിയാണ്.
ലക്നോ മൂന്നോട്ടുവച്ച 236 റണ്‍സ് എന്ന ലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസിന് 202 വരെ എത്താനേ സാധിച്ചുള്ളൂ. ഗുജറാത്തിനായി ഷാരൂഖ് ഖാൻ (29 പന്തിൽ 57) ടോപ് സ്കോററായി. റൂഥർഫോഡ് 38 ഉം ഗുഭ്മാൻ ഗിൽ 35ഉം റണ്‍സ് നേടി. സ്കോർ: ലക്നോ സൂപ്പർ ജയന്റ്സ് 235/2 (20). ഗുജറാത്ത് ടൈറ്റൻസ് 202/9 (20).
വെടിക്കെട്ടടി
ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന് ശുഭ്മാന്‍ ഗില്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ലക്നോ സൂപ്പര്‍ ജയന്റ്സിന് ആദ്യം ബാറ്റ് ചെയ്യാന്‍ ലഭിച്ച അവസരം മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മാക്രവും ചേര്‍ന്ന് ആഘോഷമാക്കി.
ഓപ്പണിംഗ് വിക്കറ്റില്‍ 9.5 ഓവറില്‍ 91 റണ്‍സ് അടിച്ചുകൂട്ടിയശേഷമാണ് ഇരുവരും പിരിഞ്ഞത്. 24 പന്തില്‍ 36 റണ്‍സ് നേടിയ മാക്രത്തെ സായ് കിഷോര്‍ പുറത്താക്കി. എന്നാല്‍, രണ്ടാം വിക്കറ്റില്‍ മാര്‍ഷും നിക്കോളാസ് പുരാനും ചേര്‍ന്ന് 121 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. 64 പന്തില്‍ എട്ട് സിക്സും 10 ഫോറും അടക്കം മിച്ചല്‍ മാര്‍ഷ് 117 റണ്‍സ് നേടി. 27 പന്തില്‍ അഞ്ച് സിക്സും നാലു ഫോറും അടക്കം 56 റണ്‍സുമായി നിക്കോളാസ് പുരാന് പുറത്താകാതെ നിന്നു.
ക്യാപ്റ്റന്‍ ഋഷഭ് പന്തും (ആറ് പന്തില്‍ 16) പുറത്തായില്ല. അതോടെ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 235 എന്ന കൂറ്റന്‍ സ്കോര്‍ ലക്നോ പടുത്തുയര്‍ത്തി. ഐപിഎല്ലില്‍ ഗുജറാത്തിന് എതിരേ ഏതൊരു ടീമും നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്.