ഫുഡ് ടെക് കേരള 2025 പ്രദർശനം തുടങ്ങി
Friday, May 23, 2025 12:41 AM IST
കൊച്ചി: ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് കേരളത്തിന്റെ സാമ്പത്തികമേഖലയിൽ പ്രധാനപ്പെട്ട സ്ഥാനമാണെന്നു മന്ത്രി പി. രാജീവ്.
കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ കേന്ദ്രസർക്കാരിനു കീഴിലെ ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം സംസ്ഥാനത്തിനു നൽകിയ ലക്ഷ്യം മറികടന്ന് കേരളം മികച്ച പ്രവർത്തനം കാഴ്ചവച്ചതായും അദ്ദേഹം പറഞ്ഞു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പിഎംഎഫ്എംഇ-ഫുഡ് ടെക് കേരള 2025 പ്രദർശനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽനിന്നുള്ള പ്രധാൻമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസ് (പിഎംഎഫ്എംഇ) ഗുണഭോക്താക്കൾക്ക് മാർക്കറ്റിംഗ് പിന്തുണ നൽകുന്നതിനും പിഎംഎഫ്എംഇ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വായ്പാ അപേക്ഷകൾ വിജയകരമായി പൂർത്തീകരിക്കാൻ പ്രയത്നിച്ച ബാങ്കുകൾ, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, ജില്ലാ റിസോഴ്സ് പേഴ്സൺമാർ എന്നിവരെ മന്ത്രി ആദരിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു.
പിഎംഎഫ്എംഇ ഗുണഭോക്താക്കളുടെ സ്റ്റാളുകൾ കൂടാതെ ഭക്ഷ്യസംസ്കരണത്തിനുള്ള സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ, ഭക്ഷ്യോത്പന്നങ്ങളുടെ ചില്ലറ വില്പന, ബ്രാൻഡിംഗ്, പാക്കേജിംഗ് തുടങ്ങിയവയുടെ നൂറോളം സ്റ്റാളുകളുകൾ മേളയിലുണ്ട്. രാവിലെ 11 മുതൽ രാത്രി എട്ടു വരെ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. നാളെ സമാപിക്കും.