എജിആർ കുടിശിക; ടെലികോം കന്പനികൾക്കു തിരിച്ചടി
Tuesday, May 20, 2025 12:00 AM IST
സീനോ സാജു
ന്യൂഡൽഹി: അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആർ) കുടിശികയുമായി ബന്ധപ്പെട്ട് രാജ്യത്തെ ഉന്നത ടെലികോം കന്പനികൾ കേന്ദ്ര ടെലികോം വകുപ്പിനെതിരേ നൽകിയ റിട്ട് ഹർജി സുപ്രീംകോടതി തള്ളി.
എജിആർ ബാധ്യതകളുമായി ബന്ധപ്പെട്ടുള്ള പിഴയും പലിശയും പിഴയുടെ പലിശയും എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടു ടെലികോം വന്പന്മാരായ വോഡഫോണ് ഐഡിയ (വിഐ), ഭാരതി എയർടെൽ എന്നിവർ നൽകിയ ഹർജികളാണ് കോടതി തള്ളിയത്.
ഈ വിഷയത്തിൽ ആശ്വാസം തേടിയുള്ള കന്പനികളുടെ ഹർജികൾ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കോടതി പറഞ്ഞു. ലോകപ്രശസ്തമായ ബഹുരാഷ്ട്ര കന്പനികൾ ഇത്തരം തെറ്റിദ്ധാരണാജനകമായ ഹർജികളുമായി തങ്ങളുടെ വാതിലുകളിൽ മുട്ടരുതെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ടെലികോം വ്യവസായത്തിൽ എജിആർ എന്നതു ടെലികോം സേവനങ്ങളിൽനിന്നും ടെലികോം ഇതര സേവനങ്ങളിൽനിന്നും ഒരു ടെലികോം ഓപ്പറേറ്റർ നേടുന്ന മൊത്തം വരുമാനമാണ്. എജിആർ ഒരു അളവുകോലായി തെരഞ്ഞെടുത്താണ് സ്പെക്ട്രം ഉപയോഗ ചാർജുകൾക്കും ലൈസൻസിംഗ് ചാർജുകൾക്കുമായി കേന്ദ്രസർക്കാരിനു നൽകേണ്ട വരുമാനത്തിന്റെ പങ്ക് വിലയിരുത്തുന്നത്.
എജിആറിന്റെ നിർവചനത്തെയും കേന്ദ്രസർക്കാരിനു നൽകേണ്ടി വരുന്ന വരുമാനത്തിന്റെ പങ്കിനെയും സംബന്ധിച്ചു ദീർഘകാലമായുള്ള നിയമയുദ്ധം നിലനിൽക്കേയാണു ടെലികോം കന്പനികൾക്കു തിരിച്ചടിയായി സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നത്.
നിലവിൽ വിഐയുടെ എജിആർ കുടിശിക 50,000 കോടിയിലധികം രൂപയാണെന്നാണു കണക്കാക്കുന്നത്. ഭാരതി എയർടെലിന് 40,000 കോടിയിലധികം രൂപയുടെയും ടാറ്റ ടെലിസർവീസസിന് 15,000 കോടിയിലധികം രൂപയുടെയും എജിആർ കുടിശികയുണ്ട്.
അടുത്ത ആറു വർഷത്തേക്ക് ഏകദേശം 18,000 കോടി രൂപ പ്രതിവർഷം എജിആർ കുടിശികയായി നൽകേണ്ടിവന്നാൽ 20 കോടി ഉപയോക്താക്കളും 20,000 ജീവനക്കാരുമുള്ള കന്പനിയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിഐ വാദിച്ചെങ്കിലും മേൽക്കോടതി ഹർജി തള്ളുകയായിരുന്നു.
സാന്പത്തിക വർഷത്തിലെ ആദ്യപാദ കണക്കനുസരിച്ച് രണ്ടു ലക്ഷം കോടിയിലധികം രൂപയുടെ കടമുള്ള വിഐക്ക് സുപ്രീംകോടതി തീരുമാനം കനത്ത തിരിച്ചടിയാണ്. ‘ഡോക്കോമോ’ എന്ന ബ്രാൻഡിനു കീഴിൽ ടെലികോം സേവനം നൽകിവന്നിരുന്ന ടാറ്റ ടെലിസർവീസസിന്റെ സമാന ഹർജിയും ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ലെങ്കിലും കോടതി തള്ളി.
സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ വിഐയുടെ ഓഹരികൾ കുത്തനേ ഇടിഞ്ഞു.