ഡൈനമേറ്റഡിന്റെ ‘ഇന്നവെന്ഷന് ഹബ്’ കേരളത്തിൽ
Tuesday, May 20, 2025 12:00 AM IST
കൊച്ചി: ദൃശ്യ-ശ്രാവ്യ ആശയവിനിമയ രംഗത്തെ ആഗോള ബ്രാന്‍ഡായ ഡൈനമേറ്റഡിന്റെ ‘ഇന്നവെന്ഷന് ഹബ്’ കൊച്ചി ആലങ്ങാട് ആരംഭിച്ചു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഗവേഷണം, വികസനം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ ഇന്നവെന്ഷന് ഹബ് സേവനം നൽകും.
ലോകത്തെമ്പാടുമുള്ള പ്രഫഷണലുകള്‍, സാങ്കേതിക വിദഗ്ധര്‍, സര്‍ഗാത്മക പ്രവര്‍ത്തകര്‍, സംഗീതജ്ഞര്‍ തുടങ്ങിയവര്‍ക്ക് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകോത്തര സൃഷ്ടികള്‍ നടത്താനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.
സ്വതന്ത്ര സോഫ്റ്റ്വേര്‍ കാഴ്ചപ്പാടോടെ ലാഭേച്ഛയില്ലാതെ എല്ലാവര്ക്കും സര്‍ഗാത്മക സൃഷ്ടികള്‍ നടത്താനുള്ള ഇടമാണ് ഡൈനമേറ്റഡ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിഷ്വല്‍ കമ്യൂണിക്കേഷന്‍സ്, ഫ്യൂച്ചറിസം, ഹോളോഗ്രഫി, സ്പെഷല്‍ ഡിസൈനിംഗ് എന്നിവയുടെ ഗവേഷണത്തിലും വികസനത്തിലുമാണ് ഡൈനമേറ്റഡ് പ്രവര്‍ത്തിക്കുന്നത്. ഹോളോഗ്രഫി, ബ്ലോക്ക്ചെയിന്‍, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്, പേറ്റന്റഡ് സാങ്കേതികവിദ്യകള്‍, ഡിസൈന്‍, പ്രോസസുകള്‍ എന്നിവയിലൂടെ ദൃശ്യാനുഭവമേഖലയിൽ മാറ്റങ്ങളുണ്ടാക്കാൻ ഡൈനമേറ്റഡിലൂടെ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.