മൂല്യാധിഷ്ഠിത ബിസിനസിൽ പതിറ്റാണ്ടുകൾ പിന്നിട്ട് ഹൊറൈസണ്‍ ഗ്രൂപ്പ്
Friday, May 23, 2025 12:41 AM IST
കോട്ടയം: സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പേ തുടങ്ങിയ പ്രസ്ഥാനം. സ്വാതന്ത്ര്യത്തിന്റെ ഈ അമൃതവര്‍ഷത്തില്‍ മധ്യകേരളത്തില്‍ ശരവേഗത്തില്‍ വളര്‍ച്ച പ്രാപിച്ച വലിയ ബിസിനസ് സ്ഥാപനമായി ഹൊറൈസണ്‍ ഗ്രൂപ്പ് മാറിക്കഴിഞ്ഞു. 1947ല്‍ കെ.ജെ. ജോസഫ് ആന്‍ഡ് കമ്പനി എന്ന പേരിലായിരുന്നു ഹൊറൊസണിന്റെ തുടക്കം. തടിക്കച്ചവടത്തിലൂടെ കണ്ണിക്കാട്ട് ഔത ജോസഫാണു തുടക്കമിട്ടത്.
പിന്നീട് മക്കളായ കെ.ജെ. ജോസഫ്, കെ.ജെ. ജോണ്‍, കെ.ജെ. അഗസ്റ്റിന്, കെ.ജെ. മാത്യു എന്നിവര്‍ ചേര്‍ന്നു വളം കച്ചവടം തുടങ്ങി. 2019ലാണ് ഹൊറൈസണ്‍ മോട്ടോഴ്സ് പ്രവര്‍ത്തനം തുടങ്ങുന്നത്. ആദ്യ ഷോറൂം കോട്ടയത്തായിരുന്നു. നിലവില്‍ മഹീന്ദ്ര വാഹനങ്ങളുടെ കോട്ടയം, ഇടുക്കി ജില്ലകളിലെ അംഗീകൃത ഡീലറാണ് ഹോറൈസണ്‍ മോട്ടോഴ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്. കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, തലയോലപ്പറമ്പ്, കട്ടപ്പന, തൊടുപുഴ, അടിമാലി എന്നിവിടങ്ങളില്‍ ഇപ്പോള്‍ ബ്രാഞ്ചുകളുണ്ട്.
ഹൊറൈസണ്‍ മോട്ടോഴ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, കണ്ണിക്കാട്ട് ട്രേഡ് ലിംഗ്സ്, ലുസൈന്‍ അഗ്രോടെക് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ഹൊറൈസണ്‍ ക്രഷേഴ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ഹൊറൈസണ്‍ ഹബ് മോട്ടോഴ്സ് ഓട്ടോകെയര്‍ എല്‍എല്‍സി ദുബായ്, ന്യൂസ് ഫോര്‍ മീഡിയ, ഹൊറൈസണ്‍ ഇന്‍ഷ്വറന്‍സ്, ഹൊറൈസണ്‍ ഡിജിറ്റല്‍, ഹെറിറ്റേജ് ലൂംസ് എന്നിങ്ങനെ നീളുന്നു കണ്ണിക്കാട്ട് കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യം.
കണ്ണിക്കാട്ട് കുടുംബത്തിന് നാലു തലമുറയുടെ കച്ചവട പാരമ്പര്യത്തിന്റെ കഥകള്‍ പറയാനുണ്ട്. അതില്‍ മൂന്നാം തലമുറയില്‍പ്പെട്ട ആളാണ് ഹൊറൈസണ്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ചെയര്മാന് ഷാജി ജെ. കണ്ണിക്കാട്ട്. കല്ലൂര്‍ക്കാട് കണ്ണിക്കാട്ട് കുടുംബത്തിലാണ് ഷാജി ജെ. കണ്ണിക്കാട്ടിന്റെ ജനനം. പ്രശസ്തനായ പ്ലാന്ററും ബിസിനസുകാരനുമായ കെ.ജെ. ജോണിന്റെയും ആനി ജോണിന്റെയും മകനാണ്.
നന്നേ ചെറുപ്പത്തില്‍തന്നെ ബിസിനസിനോടായിരുന്നു താത്പര്യം. കോളജ് വിദ്യാഭ്യാസ കാലത്ത് തന്നെ പിതാവിന്റെ ബിസിനസില്‍ ഒപ്പം കൂടി ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. പിന്നീട് ശരവേഗത്തിലായിരുന്നു ഹൊറൈസണ്‍ ഗ്രൂപ്പിന്റെ വളര്‍ച്ച. ആദ്യ സംരംഭമായ കെ.ജെ. ജോസഫ് ആന്‍ഡ് കമ്പനി മട്ടാഞ്ചേരി ആസ്ഥാനമാക്കിയായിരുന്നു പ്രവര്‍ത്തനം.
തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ആലുവ മേഖലകളില്‍ വളം ഡിപ്പോകള്‍ തുറന്നു. വളത്തിനൊപ്പം ഓട് വ്യാപാരവും തുടങ്ങി. ഓലയില്‍നിന്ന് ഓടിലേക്കുള്ള മാറ്റംപോലെതന്നെയായിരുന്നു കാലത്തിനനുസരിച്ചുള്ള ഹൊറൈസണ്‍ ഗ്രൂപ്പിന്റെ ബിസിനസുകളും.
ഇന്ന് കെ.ജെ. ജോസഫ് ആന്‍ഡ് കമ്പനി കോടിക്കണക്കിനു രൂപയുടെ വാര്‍ഷികവരുമാനമുള്ള ഹൊറൈസണ്‍ ഗ്രൂപ്പായി മാറി. ആയിരത്തോളം ജീവനക്കാരും നിരവധി സ്ഥാപനങ്ങളും ഹൊറൈസണ്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. എന്നും പുത്തന്‍ ബിസിനസ് ആശയങ്ങള്‍ക്കു പിന്നാലെയായിരുന്നു കണ്ണിക്കാട്ട് കുടുംബം. ആദ്യ തലമുറ വില്‍പ്പനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഷാജി ജെ. കണ്ണിക്കാട്ട് വില്‍പ്പനയ്ക്കൊപ്പം നിര്‍മാണവും തുടങ്ങി.
പുതുതലമുറയില്‍പ്പെട്ട എബിന് എസ്. കണ്ണിക്കാട്ട് കൂടി ബിസിനസിലേക്ക് എത്തിയതോടെയാണ് ഹൊറൈസണ്‍ ഗ്രൂപ്പ് നൂതന സംരംഭങ്ങളിലൂടെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. കണ്ണിക്കാട്ട് കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യം കടല്‍ കടന്നു. ദുബായിയില്‍ ഇപ്പോള്‍ സ്ഥാപനങ്ങളുണ്ട്. കൂടാതെ വിദേശത്ത് മാത്രം നൂറോളം പേര് ജോലിയും ചെയ്യുന്നു.
പാരമ്പര്യമായി തുടര്‍ന്നുവരുന്ന ചില ബിസിനസ് പാഠങ്ങളുണ്ട് കണ്ണിക്കാട്ട് കുടുംബത്തിന്. ഒന്നാമത്തേത് ലഹരിക്കച്ചവടവും പലിശയ്ക്കു പണം നല്ക്കലും വേണ്ടെന്നതാണ്. എത്ര ലാഭം കിട്ടിയാലും ഇത്തരം ബിസിനസുകള്‍ വേണ്ടെന്നതു തന്നെയാണ് കണ്ണിക്കാട്ട് കുടുംബം ഒറ്റ സ്വരത്തില്‍ പറയുന്നത്.
മറ്റൊന്ന് കൊടുക്കല്‍ വാങ്ങല്‍ കാര്യങ്ങളിലെ കൃത്യതയും അളവ് തൂക്കങ്ങളിലെ സുതാര്യതയും മായം ചേര്‍ക്കാത്ത വസ്തുക്കളുടെ വില്‍പ്പനയുമാണ്. ഇതെല്ലാം ഇന്നും എല്ലാ ബിസിനസുകളിലും പാലിക്കുന്നതാണ് ഹൊറൈസണ്‍ ഗ്രൂപ്പിന്റെ വിജയ രഹസ്യം.
ഇടപെടുന്ന എല്ലാ കമ്പനികളുമായും അവിടത്തെ ജീവനക്കാരുമായും നല്ലബന്ധം കാത്തു സൂക്ഷിക്കുന്നതും ഉപഭോക്താവിനു നല്കുന്ന പരിഗണനയുമാണ് ഹൊറൈസണ്‍ ഗ്രൂപ്പിന്റെ മറ്റൊരു വിജയ രഹസ്യം. മറ്റേതൊരു സ്ഥാപനം നല്‍കുന്നതിലും മികച്ച സേവനങ്ങളാണ് ഹൊറൈസണ്‍ ഗ്രൂപ്പിന്റെ ഏതൊരു സ്ഥാപനത്തിലും ലഭിക്കുന്നത്. പുതുതായി വരുന്ന ഒരോ ജീവനക്കാരനും അതിനു വേണ്ട പരിശീലനങ്ങളും നല്‍കാറുണ്ട്.
എല്ലാ മേഖലകളിലും ആരോഗ്യപരമായ മത്സരങ്ങള്‍ മാത്രമേ ഹൊറൈസണ്‍ ഗ്രൂപ്പ് നടത്താറുള്ളൂ. സമാന മേഖലകളിലുള്ള ഒരു സ്ഥാപനത്തിനും ദോഷം വരുത്തുന്ന ഒരു മത്സരവും ഹൊറൈസണ്‍ നടത്താറില്ല. സാമൂഹ്യ സേവന, ആതുര മേഖലയിലും ഹൊറൈസണ്‍ നിരവധിയായ സേവനങ്ങള്‍ ചെയ്തു വരുന്നു.
കോട്ടയം കാരിത്താസ്, തൊടുപുഴ സ്മിത ആശുപത്രികളില്‍ ഡയാലിസിസ് രോഗികള്‍ക്കായി മാസം നിശ്ചിത തുക നല്കിവരുന്നു. എല്ലാ സ്വാതന്ത്ര്യദിനത്തിലും മിനി മരത്തണ്‍ സംഘടിപ്പിക്കുന്നു. സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു. നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പണം നല്കി സഹായിക്കുന്നുമുണ്ട്.