ഓഹരിവിപണിയിൽ തകർച്ച
Friday, May 23, 2025 12:41 AM IST
മുംബൈ: തുടർച്ചയായ രണ്ടു ദിവസത്തെ തകർച്ചയ്ക്കു ശേഷം ബുധനാഴ്ച നേട്ടത്തിലെത്തിയ ഇന്ത്യൻ ഓഹരിവിപണിക്ക് ഇന്നലെ തകർച്ച. ഇന്നലെ വ്യാപാരത്തിനിടെ ബോംബെ സ്റ്റോക് എക്സചേഞ്ച് സെൻസെക്സ് 1100 പോയിന്റിന്റെ ഇടിവും നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് നിഫ്റ്റി 24,500 പോയിന്റുകൾക്കു് താഴേക്കും പതിച്ചിരുന്നു.
ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ച 81,596.63നെക്കാൾ 1107 പോയിന്റ് ഇടിഞ്ഞ് 81,323.05ലാണ് സെൻസെക്സ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ 80,489.92ലേക്കു താഴ്ന്നു. നിഫ്റ്റി തലേന്ന് ക്ലോസ് ചെയ്ത 24,813.45നെക്കാൾ താഴ്ന്ന് 24,733.95 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീടിത് ഇടിഞ്ഞ് 24,462.40പോയിന്റിലെത്തി.
അവസാനം സെൻസെക്സ് 644.64 പോയിന്റ് (0.79%) താഴ്ന്ന് 80,951.99ലും നിഫ്റ്റി 203.75 പോയിന്റ് (0.82%) താഴ്ചയിൽ 24,609.70ലും വ്യാപാരം പൂർത്തിയാക്കി. വിശാല വിപണികളും തകർച്ചയിലായിരുന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.33 ശതമാനം താഴ്ന്നപ്പോൾ ബിഎസ്ഇ സ്മോൾകാപ് സൂചിക 0.17 ശതമാനം ഉയർന്നു. നിഫ്റ്റി മിഡ്കാപും സ്മോൾകാപും യഥാക്രമം 0.52 ശതമാനവും 0.26 ശതമാനവും താഴ്ന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 441 ലക്ഷം കോടി രൂപയിൽ നിന്ന് 439 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഇത് നിക്ഷേപകരെ ഒറ്റ സെഷനിൽ ഏകദേശം ലക്ഷം കോടി രൂപയുടെ ഇടിവിലേക്ക് നയിച്ചു.
എൻഎസ്ഇയിലെ മേഖലാ സൂചികകൾ ഒന്നടങ്കം താഴ്ചയിലാണ് അവസാനിച്ചത്. നിഫ്റ്റി എഫ്എംസിജി, ഐടി, കണ്സ്യൂമർ ഡ്യൂറബിൾസ് എന്നിവയാണ് ഏറ്റവും മോശം പ്രകടനം നടത്തിയത്. യഥാക്രമം 1.44 ശതമാനം, 1.31 ശതമാനം, 1.14 ശതമാനം എന്നിങ്ങനെയാണ് കുറഞ്ഞത്.
നിഫ്റ്റി ഓട്ടോ സൂചിക 1.01 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ സൂചികകൾ 0.9 ശതമാനുവുമാണ് താഴ്ന്നത്. നിഫ്റ്റി ബാങ്ക് (0.24%), പ്രൈവറ്റ് ബാങ്ക് (0.22%)സൂചികകളുടെ ഇടിവ് താരതമ്യേന ദുർബലമായിരുന്നു. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികകൾ 0.58 ശതമാനമാണ് താഴ്ന്നത്.
ഇന്ത്യൻ വിപണിയിലുണ്ടായ തകർച്ചയ്ക്ക് പല കാരണങ്ങളാണ് വിദഗ്ധർ പറയുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നികുതി, ചെലവ് ബിൽ അമേരിക്കയുടെ കടം വർധിപ്പിക്കുമെന്നും യുഎസ് സാന്പത്തിക വളർച്ചയെ കൂടുതൽ മന്ദഗതിയിലാക്കുമെന്നും ആശങ്ക ഉയർത്തിയിട്ടുണ്ട്. കന്പനികളുടെ നാലാം പാദ വരുമാനം സമ്മിശ്രമായതും വിപണിയെ ബാധിച്ചു.