വ്യവസായ സംരംഭക വായ്പ വിതരണം: കേരള ബാങ്കിന് അവാര്‍ഡ്
Friday, May 23, 2025 12:41 AM IST
തിരുവനന്തപുരം: ഭക്ഷ്യ സംസ്കരണ സൂക്ഷ്മ വ്യവസായ സംരംഭങ്ങള്‍ക്കുള്ള പ്രധാനമന്ത്രി ഫോര്മലൈസേഷന് ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതിയിലുടെ വായ്പകള്‍ വിതരണം ചെയ്യുന്നതില്‍ മികച്ച പ്രകടനം കാഴ്ച വച്ച ബാങ്കിനുള്ള പുരസ്ക്കാരം കേരള ബാങ്കിന് ലഭിച്ചു.
കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം സംസ്ഥാന വ്യവസായ വകുപ്പിന് നല്‍കിയിരുന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി 2024-25 സാമ്പത്തിക വര്‍ഷം മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് പുരസ്കാരം.
കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയവും സംസ്ഥാന വ്യവസായ വകുപ്പും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പിഎംഎഫ്എംഇ ഗുണഭോക്താക്കളുടെ ഉത്പന്ന പ്രദര്‍ശന മേളയായ ‘ഫുഡ് ടെക് കേരള 2025’ന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിയമ വ്യവസായ കയര്‍ മന്ത്രി പി. രാജീവ് കേരള ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോയ്ക്ക് പുരസ്കാരം കൈമാറി.