ദേശീയപാത തകർന്നതിൽ നടപടി; കരാർ കന്പനിക്ക് വിലക്ക്
Friday, May 23, 2025 1:28 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കരാറുകാരായ കെഎൻആർ കണ്‍സ്ട്രക്ഷനെ കേന്ദ്രം വിലക്കി. പദ്ധതിയുടെ കണ്‍സൾട്ടന്റായി പ്രവർത്തിച്ച ഹൈവേ എൻജിനിയറിംഗ് കണ്‍സൾട്ടന്റ് എന്ന കന്പനിക്കും വിലക്കേർപ്പെടുത്തി.
പദ്ധതിയുടെ പ്രോജക്ട് മാനേജരായിരുന്ന എം. അമർനാഥ് റെഡ്ഢിയെയും ദേശീയപാത 66 നിർമാണത്തിന്റെ ടീം ലീഡറായ രാജ്കുമാറിനെയും സസ്പെൻഡ് ചെയ്തതായും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.
കരാർ കന്പനിയായ കെഎൻആർ കണ്‍സ്ട്രക്ഷനെ ദേശീയപാതയുടെ ടെൻഡറുകളിൽ ഇനി പങ്കെടുക്കാൻ അനുവദിക്കില്ല. കെഎൻആർ കന്പനിയെയും കണ്‍സൾട്ടന്റായ ഹൈവേ എൻജിനിയറിംഗ് കന്പനിയെയും കരിന്പട്ടികയിൽ ഉൾപ്പെടുത്തി ഡീബാർ ചെയ്തു. ഇരു കന്പനികൾക്കും തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല.
ദേശീയപാതാ അഥോറിറ്റി നിയോഗിച്ച സംഘം പരിശോധന നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഐഐടിയിലെ പ്രഫ. ജി.വി. റാവു, ഡോ. ജിമ്മി തോമസ്, ഡോ. അനിൽ ദീക്ഷിത് എന്നിവരാണ് കൂരിയാട് പരിശോധന നടത്തിയത്.
ദേശീയപാതാ നിർമാണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിർദേശം നൽകിയതിനെത്തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്. കേരളത്തിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാതകളിൽ മലപ്പുറം, തൃശൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്.
മഴക്കാലം തുടങ്ങിയതോടെ കൂടുതൽ പ്രദേശത്തു മണ്ണിടിച്ചിലും റോഡ് ഇടിയലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മതിയായ സാങ്കേതിക പരിശോധന നടത്തിയശേഷമേ നിർമാണം നടത്താവൂവെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ദേശീയപാതാ നിർമാണത്തിലെ ഡിപിആർ മാറ്റിമറിച്ചതായുള്ള ആരോപണവും അഥോറിറ്റി പരിശോധിക്കും. അഴിമതിക്കുള്ള സാധ്യതകളും ആരായുന്നുണ്ട്. നിർമാണത്തിലെ വീഴ്ചകൾ ഗുരുതരമാണെന്നാണ് പ്രഫ. ജി.വി. റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.
ബുധനാഴ്ച കൂരിയാടെത്തി ദേശീയപാതയുടെ ഇടിഞ്ഞ ഭാഗങ്ങൾ പരിശോധിച്ച സംഘം കരാറുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ച ശേഷമാണ് കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്.