ജുഡീഷൽ സർവീസിൽ പ്രവൃത്തിപരിചയം നിർബന്ധമാക്കാൻ സുപ്രീംകോടതി
Wednesday, May 21, 2025 1:05 AM IST
ന്യൂഡൽഹി: നിയമബിരുദം പാസായ ഒരാൾക്ക് ജുഡീഷൽ സർവീസിലേക്കു പ്രവേശിക്കണമെങ്കിൽ കുറഞ്ഞത് മൂന്നു വർഷത്തെ അഭിഭാഷക പരിചയം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ പുനഃസ്ഥാപിച്ച് സുപ്രീംകോടതി.
സിവിൽ ജഡ്ജിമാരുടെ (ജൂണിയർ ഡിവിഷൻ) പരീക്ഷയെഴുതുന്ന ഏതൊരു ഉദ്യോഗാർഥിക്കും കുറഞ്ഞത് മൂന്നു വർഷത്തെ അഭിഭാഷക പ്രവൃത്തിപരിചയം ഉണ്ടായിരിക്കണമെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും ആവശ്യമായ നിയമഭേദഗതികൾ നടപ്പാക്കാനും ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ അഗസ്റ്റിൻ ജോർജ് മാസിഹ്, കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
താത്കാലിക എൻറോൾമെന്റ് തീയതി മുതൽ പ്രാക്ടീസ് കാലയളവ് കണക്കാക്കാം. പ്രാക്ടീസ് ചെയ്യുന്ന കോടതിയിലെ ജുഡീഷൽ ഉദ്യോഗസ്ഥനിൽനിന്നോ ബാർ കൗണ്‍സിലിൽ പത്തുവർഷത്തെ പ്രവൃത്തിപരിചയമുള്ള അഭിഭാഷകനിൽനിന്നോ പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നേടാം.
രാജ്യത്തെ ഏതെങ്കിലും ജഡ്ജിമാരുടെയോ ജുഡീഷൽ ഓഫീസർമാരുടെയോ കീഴിൽ നിയമ ക്ലർക്കുമാറായി ജോലി ചെയ്തിട്ടുണ്ടെങ്കിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്ന വ്യവസ്ഥയിൽ കണക്കാക്കാമെന്നും കോടതി നിർദേശിച്ചു.
മുൻകാല പ്രാബല്യത്തോടെയല്ല സുപ്രീംകോടതിയുടെ നിർദേശം. ഭാവിയിലേക്കുള്ള നിയമനങ്ങളെ മാത്രമേ നിർദേശങ്ങൾ ബാധിക്കുകയുള്ളൂ. പഠനം പൂർത്തിയായ ഉടൻ ഒരു ദിവസംപോലും പ്രാക്ടീസ് ഇല്ലാതെ ജുഡീഷൽ സർവീസിൽ പ്രവേശിക്കാൻ അനുവദിക്കുന്നത് നിരവധി പ്രശ്നങ്ങൾക്കു കാരണമായിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.