യുഎപിഎ ചുമത്തപ്പെട്ട മലയാളി യുവാവ് ഡാർക്ക് വെബിൽ സജീവമായിരുന്നു: മഹാരാഷ്ട്ര എടിഎസ്
Wednesday, May 21, 2025 1:05 AM IST
ന്യൂഡൽഹി: യുഎപിഎ ചുമത്തപ്പെട്ട മലയാളി യുവാവ് റിജാസ് ഡാർക്ക് വെബിൽ സജീവമായിരുന്നുവെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) കണ്ടെത്തൽ.
‘ഓപ്പറേഷൻ സിന്ദൂറി’നെ സമൂഹമാധ്യമത്തിൽ വിമർശിച്ചതിന് അറസ്റ്റിലായ റിജാസിന്റെ ഓണ്ലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചതിൽനിന്നാണ് ഡാർക്ക് വെബിലെ കൂടുതൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തെളിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
വിദ്യാർഥിപ്രക്ഷോഭകനും മാധ്യമപ്രവർത്തകനെന്നു സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന 26കാരനായ റിജാസ് കഴിഞ്ഞ ഏഴിനാണ് ഇൻസ്റ്റഗ്രാമിൽ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്ന പോസ്റ്റിട്ടതിന് നാഗ്പുരിലെ ഒരു ഹോട്ടലിൽവച്ച് അറസ്റ്റിലായത്. റിജാസിന്റെ ഇൻസ്റ്റഗ്രാമിൽ നക്സലുകൾക്കെതിരായ കേന്ദ്രസേനകളുടെ ഓപ്പറേഷനുകളെ വിമർശിക്കുന്ന പോസ്റ്റുകളുമുണ്ടായിരുന്നു.
പിന്നീട് റിജാസിന്റെ എറണാകുളത്തെ വീട് റെയ്ഡ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർ കുറ്റകരമായ രേഖകളും ചില ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു.
ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയിൽനിന്ന് റിജാസ് ഡാർക്ക് വെബിൽ സജീവമായിരുന്നുവെന്നും പ്രകോപനപരമായ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവച്ചിരുന്നതായും കണ്ടെത്തിയെന്ന് എടിഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. കൂടുതൽ അന്വേഷണത്തിനായി ഡിജിറ്റൽ ഉപകരണങ്ങൾ സൈബർ ഫോറൻസിക് ലാബിലേക്ക് അയക്കും.
സാധാരണ സെർച്ച് എൻജിനുകൾക്ക് എത്തിപ്പെടാൻ സാധിക്കാത്തതും എന്നാൽ ചില പ്രത്യേക സോഫ്റ്റ്വെറുകൾ കൊണ്ടു മാത്രം എത്തിപ്പെടാൻ സാധിക്കുന്നതുമായ ഇന്റർനെറ്റിലെ അതീവ രഹസ്യമേഖലയാണ് ഡാർക് വെബ് എന്ന് അറിയപ്പെടുന്നത്.
ഉപയോക്താക്കൾക്ക് ഉയർന്ന തലത്തിലുള്ള അജ്ഞാതത്വം നൽകുന്ന ഡാർക്ക് വെബ് മയക്കുമരുന്ന് കടത്തലും ആയുധക്കടത്തും പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് പ്രധാനമായും ആശ്രയിക്കുന്നത്.