വഖഫ് ഭേദഗതി നിയമം: അന്യായ വ്യവസ്ഥകൾ ചുമത്തി മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തുന്നു: ഹർജിക്കാർ
Wednesday, May 21, 2025 1:05 AM IST
ന്യൂഡൽഹി: സ്വത്തുക്കൾ വഖഫായി രജിസ്റ്റർ ചെയ്യുന്നതിന് അന്യായമായ വ്യവസ്ഥകൾ ചുമത്തി മുസ്ലിം സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്നതായി വഖഫ് ഭേദഗതി നിയമം 2025 ചോദ്യം ചെയ്തുള്ള ഹർജിക്കാർ സുപ്രീംകോടതിയിൽ ആരോപിച്ചു.
മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവർ അവരുടെ മതങ്ങൾക്കു ദാനം നൽകുന്പോൾ ഇത്തരം കഠിനവ്യവസ്ഥകൾ ബാധകമല്ലെന്നും ഹർജിക്കാർ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മാസിഫ് എന്നിവരുടെ ബെഞ്ചിന് മുന്നിൽ ഇന്നലെ ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിനും ഹർജിക്കാർക്കും തങ്ങളുടെ വാദം ഉന്നയിക്കാൻ അവസരം നൽകുമെന്ന് ഈ മാസം 15ന് ഹർജി പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ഹർജിക്കാർ മാത്രമാണ് തങ്ങളുടെ വാദങ്ങൾ ഇന്നലെ കോടതിക്കുമുന്നിൽ ഉന്നയിച്ചത്.
രാവിലെ 11 ന് ആരംഭിച്ച് മൂന്ന് മണിക്കൂറോളം നീണ്ട വാദം ഇന്നും തുടരും. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിംഗ്വി, ഹുസേഫാ അഹമ്മദി തുടങ്ങിയവരാണ് ഹർജിക്കാർക്കുവേണ്ടി ഇന്നലെ വാദിച്ചത്. കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള വാദം ഇന്ന് നടക്കും.