വിവാഹ തട്ടിപ്പുകാരിയെ വ്യാജ വിവാഹ കെണിയിലൂടെ പിടികൂടി
Wednesday, May 21, 2025 1:05 AM IST
ന്യൂഡൽഹി: 25 പേരെ വിവാഹം ചെയ്തു സ്വത്ത് തട്ടി കടന്നുകളഞ്ഞ വധുവിനെ പോലീസ് പിടികൂടി. ഉത്തരേന്ത്യയിൽ ‘ലൂട്ടേരി ദുൽഹാൻ’ (കൊള്ളക്കാരിയായ വധു) എന്നറിയപ്പെടുന്ന ഉത്തർപ്രദേശ് സ്വദേശിയായ അനുരാധ പാസ്വാനെയാണ് നവവരന്മാരെ വഞ്ചിച്ച് അവരുടെ സ്വത്തുമായി കടന്നുകളഞ്ഞതിന് രാജസ്ഥാൻ പോലീസ് മധ്യപ്രദേശിലെ ഭോപ്പാലിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഏഴു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ 25 യുവാക്കളെയാണു 32കാരിയായ അനുരാധ വഞ്ചിച്ചത്. വിവാഹ തട്ടിപ്പ് നടത്തുന്ന അനുരാധയെ വ്യാജ വിവാഹക്കെണിയിലൂടെത്തന്നെയാണു പോലീസ് വലവിരിച്ചു പിടികൂടിയത്.
പുതിയ നഗരങ്ങളിൽ പുതിയ പേരും പുതിയ വ്യക്തിത്വവും സ്വീകരിച്ചു തട്ടിപ്പ് നടത്തുന്ന അനുരാധ തന്റെ പ്രവർത്തനരീതിയിൽ വളരെയധികം മികവ് പുലർത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. പണത്തിനും സ്വത്തുക്കൾക്കുമായി ആളുകളെ വഞ്ചിക്കുന്ന വ്യാജവിവാഹ സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു അനുരാധ.
സംഘാംഗങ്ങൾ അനുരാധയുടെ ചിത്രവും ബയോഡാറ്റയുമെടുത്തു വരന്മാരെ തേടിയതിനുശേഷം വിവാഹത്തിനു താത്പര്യമുള്ളവരെ തട്ടിപ്പിൽ വീഴ്ത്തുന്നതായിരുന്നു പ്രവർത്തനരീതി. വരനും വധുവിനുമിടയിൽ വിവാഹം ഏർപ്പാട് ചെയ്യുന്ന ഏജന്റുമാരും സംഘാംഗങ്ങൾ തന്നെയാണ്.
വിവാഹം ഏർപ്പാട് ചെയ്യുന്നതിന് വരന്റെ കൈയിൽനിന്നു പണം തട്ടിയതിനുശേഷം വ്യാജ വിവാഹ കരാറിനായും തട്ടിപ്പുകാർ വരന്റെ കുടുംബത്തിൽനിന്ന് പണം കൈക്കലാക്കുന്നു. ഏകദേശം രണ്ടു ലക്ഷം രൂപ വരെയാണ് ഇത്തരം വിവാഹത്തിനായി തട്ടിപ്പുകാർ വരനിൽനിന്നു വഞ്ചിച്ചെടുക്കുന്നത്. ഏതെങ്കിലും ക്ഷേത്രത്തിലോ വീട്ടിലോ വച്ച് ആചാരപ്രകാരം വിവാഹം നടന്ന് ഏതാനും ദിവസങ്ങൾക്കുശേഷം വരന്റെ വീട്ടിൽനിന്ന് നവവധു ഒളിച്ചോടും.
ഒരിക്കലും തിരികെ വരാത്ത ആ ഒളിച്ചോട്ടത്തിൽ വരന്റെ വീട്ടിൽനിന്ന് ആഭരണങ്ങളടക്കമുള്ള ലക്ഷങ്ങൾ വിലയുള്ള സ്വത്തുക്കളും അനുരാധ കൈക്കലാക്കിയിട്ടുണ്ടാകും. രാജസ്ഥാനിലെ സവായ് മധോപുർ ജില്ലയിൽ ഇത്തരത്തിൽ വിഷ്ണു യുവാവിനെ വഞ്ചിച്ച് കടന്നുകളഞ്ഞതോടെയാണ് അനുരാധയ്ക്കെതിരേ രാജസ്ഥാൻ പോലീസ് അന്വേഷണം ആരംഭിച്ചത്.
അനുരാധ ഭോപ്പാലിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഒരു കോണ്സ്റ്റബിളിനെ പ്രതിശ്രുത വരനാക്കി തട്ടിപ്പുകാരുടെ മുന്നിലേക്കയച്ച് കെണിയിൽപ്പെടുത്തിയാണ് അനുരാധയെ അറസ്റ്റ് ചെയ്തത്.
വിഷ്ണുവിനെ വഞ്ചിച്ച് കടന്നുകളഞ്ഞിട്ട് രണ്ടാഴ്ച പോലുമായില്ലെങ്കിലും ഗബ്ബർ എന്ന ഭോപ്പാൽ സ്വദേശിയെയും അനുരാധ വഞ്ചിച്ചു വിവാഹം കഴിച്ചു. ഗബ്ബറിന്റെ വീട്ടിൽനിന്നാണ് അനുരാധയെ അറസ്റ്റ് ചെയ്തത്.