പ്രമുഖ ശാസ്ത്രജ്ഞർക്കു രാജ്യത്തിന്റെ യാത്രാമൊഴി
Wednesday, May 21, 2025 1:05 AM IST
പൂന/ഉദഗമണ്ഡലം (തമിഴ്നാട്): ശാസ്ത്രഗവേഷണ മേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ രണ്ടു പ്രമുഖ ശാസ്ത്രജ്ഞർക്കു രാജ്യത്തിന്റെ യാത്രാമൊഴി. ജ്യോതിശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനുമായ ഡോ.ജയന്ത് വിഷ്ണു നാർലിക്കർ, പ്രമുഖ ആണവശാസ്ത്രജ്ഞൻ എം.ആർ. ശ്രീനിവാസനുമാണ് വിടപറഞ്ഞത്.
ഡോ. ജയന്ത് വിഷ്ണു നാർലിക്കർ (86) ചൊവ്വാഴ്ച പുലർച്ചെ പൂനെയിലെ വസതയിലാണ് അന്തരിച്ചത്. ഉറക്കത്തിനിടെ അന്ത്യം സംഭവിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. അടുത്തിടെ ഇടുപ്പെല്ല് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.
ശാസ്ത്രഗവേഷണ മേഖലയ്ക്കു നൽകിയ സംഭാവനകൾ മാനിച്ച് 2004ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു. 2011 ൽ ഉന്നത ബഹുമതിയായ ‘മഹാരാഷ്ട്ര ഭൂഷൺ’ നൽകി മഹാരാഷ്ട്ര സർക്കാരും ആദരിച്ചു.
1938 ജുലൈ 19നാണു ജനനം. ബനാറസ് ഹിന്ദു സർവകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ലോകപ്രശസ്തമായ കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് പ്രശസ്തമായ നിലയിൽ ഉന്നതപഠനം പൂർത്തിയാക്കി.
ഇന്ത്യയിൽ മടങ്ങിയെത്തിയ അദ്ദേഹം 1972 മുതൽ 1989 വരെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ചേർന്നു. ഇതിനുശേഷമാണ് സ്ഥാപനത്തിലെ തിയററ്റിക്കല്‍ ആസ്ട്രോഫിസിക്സ് ഗ്രൂപ്പ് രാജ്യാന്തര പ്രശസ്തി കൈവരിച്ചത്. 1988ല്‍ യുജിസിയുടെ നേതൃത്വത്തിലുള്ള ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ് (ഐയുസിഎഎ)യുടെ തലവനായി. 2003ല്‍ വിരമിക്കുന്നതുവരെ ആ ചുമതലയിലുണ്ടായിരുന്നു.
ജ്യോതിശാസ്ത്ര മേഖലയിലെ ലോകപ്രശസ്ത സ്ഥാപനമായി ഐയുസിഎഎയെ വളർത്തിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശാസ്ത്രത്തെ ജനപ്രിയമാക്കാനുള്ള എഴുത്തിലും പ്രഭാഷണങ്ങളിലും ഏറെക്കാലം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഡോ. നാർലിക്കറിന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ കേന്ദ്രമന്ത്രി ശരദ് പവാർ തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.
സന്പൂർണ സംസ്ഥാന ബഹുമതികളോടെ അന്ത്യകർമങ്ങൾ നടത്തുമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ആണവശാസ്ത്രജ്ഞനും ആറ്റോമിക് എനർജി കമ്മിഷൻ മുൻ ചെയർമാനുമായ എം.ആർ. ശ്രീനിവാസൻ (95) തമിഴ്നാട്ടിലെ ഉദഗമണ്ഡലത്താണ് അന്തരിച്ചത്. 1955 സെപ്റ്റംബറിൽ ആണവോർജ വകുപ്പിൽ ചേർന്നു.
ഇന്ത്യയിലെ ആദ്യത്തെ ആണവഗവേഷണ റിയാക്ടറായ അപ്സരയുടെ നിർമാണത്തിൽ ഡോ. ഹോമി ഭാഭയുമായി ചേർന്നു പ്രവർത്തിച്ചു. ഇന്ത്യയിലെ ആദ്യത്തെ ആറ്റോമിക് സ്റ്റേഷന്റെ പ്രിൻസിപ്പൽ പ്രോജക്ട് എഞ്ചിനീയർ, മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷനിൽ ചീഫ് പ്രോജക്ട് എൻജിനിയർ എന്നീ നിലകളിൽ മികവ് തെളിയിച്ചു.
1987ലാണ് ആണവോർജ കമ്മീഷന്റെ തലപ്പത്ത് എത്തുന്നത്. 1990 മുതൽ 1992 വരെ വിയന്നയിലെ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയിലെ മുതിർന്ന ഉപദേശകനായിരുന്നു. ജനുവരി 1930നു ബംഗളൂരുവിലാണു ജനനം.
മൈസൂരുവിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1950ൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 1954ൽ കാനഡയിലെ മക്ഗിൽ സർവകലാശാലയിൽനിന്ന് ഗ്യാസ് ടർബൈൻ സാങ്കേതികവിദ്യയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ആണവ ഗവേഷണരംഗത്തെ സംഭാവനകൾ മാനിച്ച് രാജ്യം പദ്മവിഭൂഷണൻ നൽകി ആദരിച്ചു.