“ദേശീയപാതകൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാരിനു ബാധ്യതയുണ്ട് ”
Friday, May 23, 2025 1:28 AM IST
ന്യൂഡൽഹി: ദേശീയപാതകൾ പരിപാലിക്കാനും യാത്രക്കാർക്കായി അവ സുരക്ഷിതമായി സൂക്ഷിക്കാനും കേന്ദ്രസർക്കാരിനു ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി.
റോഡുകളെ നല്ല നിലയിലും കൈയേറ്റങ്ങളിൽനിന്നും ഒഴിവാക്കി നിർത്തുന്നതോടൊപ്പം അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ ഉറപ്പാക്കുകയും ചെയ്യണമെന്ന് ജസ്റ്റീസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2017ൽ മാത്രം 53,181 പേർ രാജ്യത്ത് റോഡപകടങ്ങളിൽ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ദേശീയപാതകളിലെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കൈയേറ്റങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
1956ലെ ദേശീയപാതാ നിയമത്തിലെ സെക്ഷൻ 4 പ്രകാരം ദേശീയപാതകളുടെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിലാണു നിക്ഷിപ്തമായിരിക്കുന്നത്. അതിനാൽ ഈ പാതകൾ പരിപാലിക്കേണ്ടതു കേന്ദ്രസർക്കാരിന്റെ ബാധ്യതയാണ്.
ഏറ്റവും പ്രധാനമായി ദേശീയപാതകളിലെ അപകടസാധ്യത കുറയ്ക്കുന്നതിന് മതിയായ നടപടികൾ സ്വീകരിക്കുന്നതും ഇതിൽ ഉൾപ്പെടുമെന്ന് കോടതി വ്യക്തമാക്കി. ദേശീയപാതകൾ സുരക്ഷിതമായി നിലനിർത്തുന്നതിന് പതിവായി പട്രോളിംഗ്, സിസിടിവി കാമറ നിരീക്ഷണം തുടങ്ങിയ കാര്യങ്ങൾ പ്രധാനമാണെന്നും കോടതി നിരീക്ഷിച്ചു.
പട്രോളിംഗ് നടത്താൻ പോലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണസംഘം രൂപീകരിക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയോട് (എൻഎച്ച്ഐഎ) കോടതി നിർദേശിച്ച കോടതി, ഇതുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമം (എസ്ഒപി) പുറപ്പെടുവിക്കാനും ആവശ്യപ്പെട്ടു.
ദേശീയപാതകളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി എൻഎച്ച്ഐഎ അവതരിപ്പിച്ച ‘രാജ്മാർഗ്യാത്ര’എന്ന മൊബൈൽ ആപ്ലിക്കേഷനെക്കുറിച്ചു പ്രചാരണം നടത്താനും നിർദേശിച്ചു. കൂടാതെ, ദേശീയപാ ഭൂമികൈയേറ്റ പരാതികൾ പരിഹരിക്കുന്നതിനായി പ്രത്യേക പരാതിപരിഹാര പോർട്ടൽ സൃഷ്ടിക്കാനും നാഷണൽ ഹൈവേ അഥോറിറ്റിയോട് കോടതി ആവശ്യപ്പെട്ടു.