ഭീകരതയ്ക്കെതിരായ പ്രചാരണം; 33 രാജ്യങ്ങൾ തെരഞ്ഞെടുത്തത് കൃത്യമായ നയതന്ത്ര ലക്ഷ്യത്തിൽ
Thursday, May 22, 2025 1:40 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: "ഓപ്പറേഷൻ സിന്ദൂറി’നുശേഷം 33 രാജ്യങ്ങളിൽ ഭീകരതയ്ക്കെതിരായി കേന്ദ്രസർക്കാർ നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമായുള്ള ആദ്യ രണ്ടു സർവകക്ഷി പ്രതിനിധിസംഘങ്ങൾ ഇന്നലെ വിദേശത്തേക്കു പോയി.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരമോ താത്കാലികമോ ആയ അംഗരാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ സാന്നിധ്യമുള്ള രാജ്യങ്ങളും മുതൽ ജിസിസിയിലെ പ്രധാന അറബ് രാജ്യങ്ങളും ആസിയാൻ രാജ്യങ്ങൾ വരെ വളരെ ശ്രദ്ധാപൂർവമാണ് 33 രാജ്യങ്ങളെ സുപ്രധാന നയതന്ത്ര ദൗത്യത്തിനായി തെരഞ്ഞെടുത്തത്.
പാക്കിസ്ഥാന് പരോക്ഷ സഹായം നൽകുന്ന യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയിലേക്ക് ഇന്ത്യ പ്രതിനിധിസംഘത്തെ അയയ്ക്കുന്നില്ലെന്നതു ശ്രദ്ധേയമാണ്. റൊട്ടേഷൻ വ്യവസ്ഥയിൽ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ പാക്കിസ്ഥാൻ, സൊമാലിയ എന്നീ രാജ്യങ്ങളും ഒഴിവാക്കി. യുഎൻ രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങളിൽ ഈ മൂന്നു രാജ്യങ്ങൾ ഒഴികെ 12 രാജ്യങ്ങളിലും ഇന്ത്യൻ സംഘം നയതന്ത്രദൗത്യം നിർവഹിക്കും.
രക്ഷാസമിതിയിലെ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളായ യുഎസ്, യുകെ, ഫ്രാൻസ്, റഷ്യ എന്നിവിടങ്ങളിൽ ഇന്ത്യൻ സംഘം വിശദമായ ചർച്ചകൾ നടത്തും. അൾജീരിയ, ഡെന്മാർക്ക്, ഗ്രീസ്, ഗയാന, പനാമ, ദക്ഷിണകൊറിയ, സിയറ ലിയോണ്‍, സ്ലോവേനിയ തുടങ്ങിയ രണ്ടു വർഷംതോറും മാറുന്ന രക്ഷാസമിതിയിലെ സ്ഥിരമല്ലാത്ത അംഗരാജ്യങ്ങളിലേക്കും ഇന്ത്യൻ പ്രതിനിധികൾ യാത്ര ചെയ്യും. അടുത്ത 17 മാസംകൂടി രക്ഷാസമിതിയിലെ ഇവരുടെ അംഗത്വം തുടരും.
ഇന്ത്യക്കെതിരേ പരസ്യ നിലപാടെടുത്ത തുർക്കിയെയും അസർബൈജാനെയും ഒഴിവാക്കി. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ അംഗരാജ്യങ്ങൾ, യുഎൻ സാന്നിധ്യമുള്ള രാജ്യങ്ങൾ, ഇന്ത്യയുടെ പരന്പരാഗത പങ്കാളിരാജ്യങ്ങൾ എന്നിവയ്ക്കു പുറമെ യുഎന്നിലും യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ പ്രതിനിധികളുമായും ഇന്ത്യൻ സംഘങ്ങൾ വിശദമായ ചർച്ച നടത്തും.
യുഎസ്, ഫ്രാൻസ്, യുകെ, റഷ്യ എന്നിവയോടൊപ്പം ബ്രസീൽ, ജർമനി, ജപ്പാൻ, സ്പെയിൻ, ഡെന്മാർക്ക്, ബെൽജിയം, അൾജീരിയ, ഗ്രീസ്, ലാത്വിയ, സ്ലോവേനിയ, പനാമ, ഗയാന, കൊളംബിയ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പുർ, ദക്ഷിണ കൊറിയ, അറബ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ബഹറിൻ, ആഫ്രിക്കൻ രാജ്യങ്ങളായ സിയറ ലിയോണ്‍, കോംഗോ, ലൈബീരിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുടെ പ്രത്യേക ദൗത്യത്തിലുണ്ട്.
അതിർത്തി കടന്നുള്ള ഭീകരതയിൽ പാക്കിസ്ഥാന്റെ പങ്ക് ഉയർത്തിക്കാട്ടുകയും ഇന്ത്യക്കുള്ള പിന്തുണ വർധിപ്പിക്കുകയും പാക്കിസ്ഥാനെതിരേ ആഗോള സമ്മർദം ശക്തിപ്പെടുത്തുകയുമാണ് ദൗത്യസംഘത്തിന്റെ പ്രധാന അജൻഡ.
കാഷ്മീർ ഉഭയകക്ഷി പ്രശ്നമാണെന്നും ഇക്കാര്യത്തിൽ മറ്റൊരു രാജ്യത്തിന്റെയും ഇടപെടലും മധ്യസ്ഥതയും അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യയുടെ പഴയ നിലപാട് ആവർത്തിക്കും. സിന്ധു നദീജല കരാർ സസ്പെൻഡ് ചെയ്ത കാരണവും ഇന്ത്യ വിശദീകരിക്കും. പാക്കിസ്ഥാന്റെ വ്യാജ പ്രചാരണങ്ങളുടെ പൊള്ളത്തരവും ഇന്ത്യയിലെ പൂർണ യോജിപ്പും ലോകത്തെ ബോധ്യപ്പെടുത്താനും അവസരം ഉപയോഗിക്കും.
ശശി തരൂർ അടക്കമുള്ള ഭരണ-പ്രതിപക്ഷ നേതൃത്വത്തിലെ പ്രഗല്ഭർക്കു പുറമെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും മുൻ നയതന്ത്ര വിദഗ്ധരും ദൗത്യസംഘത്തിന് കരുത്തേകും.
സിയറ ലിയോണ്‍, കോംഗോ, ലാത്വിയ എന്നിവയടക്കം ആശ്ചര്യപ്പെടുത്തുന്ന ചില രാജ്യങ്ങളെ തെരഞ്ഞെടുത്തിനു പ്രത്യേക കാരണമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ പറഞ്ഞു. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ദക്ഷിണ അമേരിക്ക, യൂറോപ്പ്, വടക്കേ ആഫ്രിക്ക, പശ്ചിമ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, കിഴക്കനേഷ്യ, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളിലാണ് ആകെ 59 അംഗങ്ങളുള്ള ഇന്ത്യയുടെ ഏഴു വ്യത്യസ്ത പ്രതിനിധിസംഘങ്ങളുടെ രണ്ടാഴ്ച നീളുന്ന സന്ദർശനം.
ഇന്ത്യയുടെ പ്രത്യേക ഔട്ട്റീച്ച് പ്രോഗ്രാമിനായി 33 രാജ്യങ്ങളെ തെരഞ്ഞെടുത്തതിന്റെ കാരണങ്ങൾ കഴിഞ്ഞ ദിവസം പ്രതിനിധിസംഘത്തോടു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു.
ബ്രിട്ടാസും ബഷീറും ജപ്പാൻ, യുഎഇ സന്ദർശനം തുടങ്ങി
ഇന്ത്യയുടെ ഉന്നത നയതന്ത്ര ദൗത്യത്തിനായി ഇന്നലെ വിദേശത്തേക്കു പോയ ആദ്യ രണ്ടു പ്രതിനിധിസംഘങ്ങളിൽ മലയാളികളായ ഇ.ടി. മുഹമ്മദ് ബഷീറും ഡോ. ജോണ്‍ ബ്രിട്ടാസും അംഗങ്ങൾ. ബ്രിട്ടാസ് ഉൾപ്പെട്ട സംഘം ഇന്നു ജപ്പാനിലും ബഷീർ ഉൾപ്പെട്ട സംഘം ഇന്നു യുഎഇയിലും ഇന്ത്യയുടെ പ്രത്യേക ദൗത്യചർച്ചകൾക്കു തുടക്കം കുറിക്കും.
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെത്തിയ ഇന്ത്യൻ സംഘത്തെ മലയാളിയായ അംബാസഡർ സിബി ജോർജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ജെഡി-യുവിന്റെ സഞ്ജയ് കുമാർ ഝാ നയിക്കുന്ന സംഘമാണ് ഇന്നലെ ഉച്ചയോടെ ജപ്പാനിലേക്കു പുറപ്പെട്ടത്.
ജപ്പാനുപിന്നാലെ ഇന്താനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, സിംഗപ്പുർ എന്നിവിടങ്ങളിലും ഈ സംഘം സന്ദർശനം നടത്തും. ബ്രിട്ടാസിനു പുറമെ സൽമാൻ ഖുർഷിദ്, അപരാജിത സാരംഗി, അഭിഷേക് ബാനർജി, ബിജ് ലാൽ, പ്രധാൻ ബറുവ, ഹേമംഗ് ജോഷി, ഹർഷ് ഷ്രിംഗ്ല എന്നിവരാണു സംഘത്തിലുള്ളത്.
ശിവസേന നേതാവ് ശ്രീകാന്ത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള രണ്ടാംസംഘം ഇന്നലെ രാത്രിയാണ് യുഎഇയിലേക്കു യാത്ര തിരിച്ചത്. അബുദാബിയിലെ ചർച്ചകൾക്കുശേഷം ലൈബീരിയ, കോംഗോ, സിയറ ലിയോണ്‍ എന്നീ രാജ്യങ്ങളും ഇതേ സംഘം സന്ദർശിക്കും. മുഹമ്മദ് ബഷീറിനു പുറമെ ബാൻസുരി സ്വരാജ്, എസ്.എസ്. അലുവാലിയ, സസ്മിത് പത്ര, അതുൾ ഗാർഗ്, മനാൻകുമാർ മിശ്ര, സജൻ ചിനോയ് എന്നിവരും സംഘത്തിലുണ്ട്.