തുർക്കിയിൽ കോണ്ഗ്രസ് ഓഫീസെന്ന വ്യാജപ്രചാരണം; ബിജെപി ഐടി സെൽ മേധാവിക്കും അർണബ് ഗോസ്വാമിക്കുമെതിരേ കേസ്
Thursday, May 22, 2025 1:40 AM IST
ന്യൂഡൽഹി: തുർക്കിയിൽ കോണ്ഗ്രസ് ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയതിന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കുമെതിരേ പോലീസ് കേസെടുത്തു.
യൂത്ത് കോണ്ഗ്രസ് നൽകിയ പരാതിയിൽ ബംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം, സമാധാനം തകർക്കാനുള്ള മനഃപൂർവമായ അപമാനം എന്നീ വകുപ്പുകൾ ചേർത്താണ് ഇരുവർക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
യൂത്ത് കോണ്ഗ്രസ് ലീഗൽ സെൽ മേധാവി ശ്രീകാന്ത് സ്വരൂപാണ് പരാതി നൽകിയത്. തുർക്കിയിലെ ഇസ്താംബൂൾ കോണ്ഗ്രസ് സെന്റർ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ അന്താരാഷ്ട്ര ഓഫീസാണെന്ന രീതിയിൽ വ്യാജ വാദങ്ങളുന്നയിച്ച് മാളവ്യയും ഗോസ്വാമിയും ക്രിമിനൽ പ്രേരിത പ്രചാരണം നടത്തുകയാണെന്ന് ശ്രീകാന്ത് പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
വ്യാജവിവരങ്ങൾ ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഒരു പ്രധാന രാഷ്ട്രീയപാർട്ടിയെ അപകീർത്തിപ്പെടുത്താനും ദേശീയവികാരങ്ങൾ ഇളക്കിവിടാനും അശാന്തി വളർത്താനും മനഃപൂർവം രൂപകല്പന ചെയ്തതാണെന്നും പരാതിയിൽ പറയുന്നു.
ഇന്ത്യ-പാക് സംഘർഷത്തിനിടെ പാക്കിസ്ഥാന് സൈനികസഹായം നൽകിയതിൽ തുർക്കിക്കെതിരായ പ്രതിഷേധം രാജ്യത്തു ശക്തമാകുന്പോഴാണ് ഇസ്താംബൂൾ കോണ്ഗ്രസ് സെന്റർ കോണ്ഗ്രസ് ഓഫീസാണെന്ന വ്യാജ വിവരം അർണബ് ഗോസ്വാമി റിപ്പബ്ലിക് ടിവിയിലൂടെ പ്രചരിപ്പിച്ചത്.
റിപ്പബ്ലിക് ടിവി തങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പങ്കുവച്ച ഗോസ്വാമിയുടെ വീഡിയോ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ റീപോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇരുവർക്കുമെതിരേ എഫ്ഐആർ രേഖപ്പെടുത്തുന്നതിന് മണിക്കൂറുകൾക്കുമുന്പ് റിപ്പബ്ലിക് ടിവി തങ്ങൾക്കു സംഭവിച്ച തെറ്റിൽ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
ഡിജിറ്റൽ ഡെസ്കിലെ വീഡിയോ എഡിറ്റർ അശ്രദ്ധമായി ഒരു കെട്ടിടത്തെ കോണ്ഗ്രസ് ഓഫീസായി ചിത്രീകരിച്ചിരുന്നുവെന്നും തെറ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ തിരുത്തിയെന്നും റിപ്പബ്ലിക് ടിവിയുടെ വിശദീകരണക്കുറിപ്പിൽ പറയുന്നു.