പരോളിലിറങ്ങി മുങ്ങിയ സീരിയൽ കില്ലർ ഡോ. ദേവേന്ദർ ശർമ പിടിയിൽ
Thursday, May 22, 2025 1:40 AM IST
ജയ്പുർ: പരോളിലിറങ്ങി മുങ്ങി രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന സീരിയൽ കില്ലർ പിടിയിലായി.
ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ മുതലകൾക്കു ഭക്ഷിക്കാൻ വലിച്ചെറിഞ്ഞുകൊടുത്ത് കുപ്രസിദ്ധനായ ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശി ഡോ. ദേവേന്ദർ ശർമ (67) യാണു രാജസ്ഥാനിൽ പോലീസിന്റെ പിടിയിലായത്. ‘ഡോക്ടർ ഡെത്ത്’ എന്നാണ് പോലീസ് വൃത്തങ്ങളിൽ ഇയാൾ അറിയപ്പെടുന്നത്.
2002നും 2004നും ഇടയിൽ ഒട്ടേറെ ടാക്സി-ട്രക്ക് ഡ്രൈവർമാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചുവരികയായിരുന്ന ഇയാൾ 2023 ഓഗസ്റ്റിലാണ് പരോളിലിറങ്ങി മുങ്ങിയത്.
തുടർന്ന് രാജസ്ഥാനിലെ ദൗസയിലുള്ള ഒരു ആശ്രമത്തിൽ വ്യാജ മേൽവിലാസത്തിൽ സന്യാസിയായി വേഷം കെട്ടി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിവയുൾപ്പെടെ കുറഞ്ഞത് 27 കേസുകളിലായി ശർമയ്ക്കു നീണ്ട ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറഞ്ഞു.
1984ൽ ബിഹാറിൽനിന്ന് ബിഎഎംഎസ് പാസായ ശർമ തൊട്ടുപിന്നാലെ രാജസ്ഥാനിൽ ക്ലിനിക്ക് തുടങ്ങി. 11 വർഷം ഈ ക്ലിനിക്ക് നടത്തി. 1994ൽ ഗ്യാസ് ഡീലർഷിപ്പ് ഇടപാടിൽ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതിനുശേഷമാണ് ശർമ കുറ്റകൃത്യത്തിലേക്കു തിരിഞ്ഞത്.
ഒരു വർഷത്തിനുശേഷം ഇയാൾ ഒരു വ്യാജ ഗ്യാസ് ഏജൻസി നടത്തിപ്പ് തുടങ്ങി. തുടർന്ന് അനധികൃത അവയവ വ്യാപാരത്തിലേക്ക് പ്രവേശിച്ചു. ഇയാളുടെ കുറ്റകൃത്യങ്ങൾ പിന്നീട് ടാക്സി ഡ്രൈവർമാരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിലേക്കു മാറി.
വൃക്ക റാക്കറ്റും സീരിയൽ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 2004ലാണ് ശർമ ആദ്യം അറസ്റ്റിലാകുന്നത്. ഇയാൾ 50ലധികം കൊലപാതകങ്ങൾക്ക് ഉത്തരവാദിയാണെന്ന് പോലീസ് വിശ്വസിക്കുന്നു. എന്നാൽ, പല കേസുകളിലും പരാതി ഇല്ലാത്തതും മൃതദേഹങ്ങൾ ലഭിക്കാത്തതും ഇയാൾക്കു രക്ഷയായി.
ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലായി ഏഴു വ്യത്യസ്ത കേസുകളിൽ ഇയാൾക്കു ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. ഗുഡ്ഗാവ് കോടതി ഒരിക്കൽ വധശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീലിൽ അതു ജീവപര്യന്തമായി കുറച്ചു. തെളിവുകൾ ഇല്ലാതാക്കാൻ ഇരകളുടെ മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലുള്ള ഹസാര കനാലിലെ മുതലകൾ നിറഞ്ഞ വെള്ളത്തിൽ ഉപേക്ഷിക്കുന്നതിലൂടെ ഇയാൾ കുപ്രസിദ്ധനായിരുന്നു. വ്യാജ യാത്രകൾക്കായി ഡ്രൈവർമാരെ വിളിക്കുന്നതായിരുന്നു ഇയാളുടെ ശൈലി.
ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോൾ ഡ്രൈവർമാരെ വധിക്കും. ഇവരുടെ മൃതദേഹം പിന്നീട് കാസ്ഗഞ്ചിൽ എത്തിച്ച് മുതലകൾക്കു തിന്നാൻ കൊടുക്കും. ഡ്രൈവർമാരിൽനിന്നു തട്ടിയെടുക്കുന്ന വാഹനങ്ങൾ കരിഞ്ചന്തയിൽ വിൽക്കുകയും ചെയ്യും.
1998നും 2004നും ഇടയിൽ അനധികൃത വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് നടത്തിയതിലൂടെയാണ് ഇയാൾ കുപ്രസിദ്ധനാകുന്നത്. പല സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ 125ലധികം അനധികൃത അവയവ മാറ്റിവയ്ക്കലുകൾക്ക് സൗകര്യമൊരുക്കിയതായി ഇയാൾ സമ്മതിച്ചിരുന്നു.