വഖഫ് ഇസ്ലാമിന്റെ അനിവാര്യ ഭാഗമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
Thursday, May 22, 2025 1:40 AM IST
ന്യൂഡൽഹി: വഖഫ് ഒരു ഇസ്ലാമിക ആശയമാണെന്നും അത് ഇസ്ലാമിന്റെ അനിവാര്യ ഭാഗമല്ലെന്നും കേന്ദ്രം സുപ്രീംകോടതിയിൽ. വഖഫ് മതേതര പ്രവർത്തനങ്ങൾ നിർവഹിക്കുന്നുണ്ടെന്നും അതിനാൽ വഖഫ് ബോർഡുകളിൽ അമുസ്ലിംകളെ ഉൾപ്പെടുത്താമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിലെ വിവിധ വ്യവസ്ഥകൾക്ക് ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യത്തിൽ വാദം കേൾക്കവേയാണു കേന്ദ്രം ഇക്കാര്യങ്ങൾ സുപ്രീംകോടതിയെ അറിയിച്ചത്.
ഭേദഗതിയിലെ ഭരണഘടനാ ലംഘനങ്ങൾ ചൊവ്വാഴ്ച വാദം ആരംഭിച്ചപ്പോൾ ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ ഭാഗമാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരുൾപ്പെട്ട ബെഞ്ച് മുന്പാകെ ഇന്നലെ നടന്ന വാദത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കിയത്.
രാജ്യത്തുടനീളമുള്ള വിവിധ പങ്കാളികളുടെ അഭിപ്രായങ്ങൾ സ്വീകരിച്ച് സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ വിശദമായ ചർച്ചയ്ക്കു ശേഷമാണ് നിയമം ഭേദഗതി ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണ് സോളിസിറ്റർ ജനറൽ കേന്ദ്രത്തിനുവേണ്ടിയുള്ള വാദം ആരംഭിച്ചത്.
സർക്കാർ ഭൂമി കൈയേറിയാണോ ഒരു വസ്തു വഖഫായി പ്രഖ്യാപിച്ചത് എന്നതിനെക്കുറിച്ച് തർക്കമുണ്ടായാൽ നിയുക്ത ഉദ്യോഗസ്ഥൻ അന്വേഷണം പൂർത്തിയാക്കുന്നതുവരെ ആ വസ്തു വഖഫായി കണക്കാക്കരുതെന്ന നിയമത്തിലെ വ്യവസ്ഥയിൽ ഹർജിക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ റവന്യു രേഖകളിൽ ഒരു എൻട്രി മാത്രമേ ഈ വിഷയത്തിൽ സംഭവിക്കൂവെന്നാണ് കേന്ദ്രം ഇന്നലെ കോടതിയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.
വസ്തുവിന്റെമേൽ സർക്കാരിന് ഉടമസ്ഥാവകാശം വേണമെങ്കിൽ ഉടമസ്ഥാവകാശത്തിനായി കേസ് ഫയൽ ചെയ്യണമെന്നായിരുന്നു സർക്കാരുമായി തർക്കത്തിലിരിക്കുന്ന ഭൂമിയിൽ നടത്തുന്ന റവന്യു എൻട്രി എന്നത് വെറുമൊരു പേപ്പർ എൻട്രി മാത്രമാണോ എന്ന ചീഫ് ജസ്റ്റീസിന്റെ ചോദ്യത്തിന് തുഷാർ മേത്ത നൽകിയ മറുപടി.
ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തിൽ കോടതിയായിരിക്കും അന്തിമതീരുമാനമെടുക്കുന്നതെന്നും അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചു. ഒരു വസ്തു സംബന്ധിച്ച തർക്കത്തിൽ കളക്ടർ അന്വേഷണം പൂർത്തിയാക്കിയാൽ അതു സർക്കാർ ഏറ്റെടുക്കുമെന്നതാണ് നിലവിലെ ചിത്രമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാണിച്ചപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന വിവരണമാണിതെന്നാണ് സോളിസിറ്റർ ജനറൽ വ്യക്തമാക്കിയത്.
വഖഫ് ബോർഡുകളിൽ ഇതര മതസ്ഥർ അംഗമാകുന്നത് അതിന്റെ സ്വഭാവത്തെ മാറ്റുന്നില്ല. ഒരു മതചടങ്ങുമായും വഖഫ് ബോർഡുകൾക്ക് ബന്ധമില്ലെന്നും സ്വത്തുക്കളുടെ കൈകാര്യം മാത്രമാണു ബോർഡുകൾ കൈകാര്യം ചെയ്യുന്നതെന്നും കേന്ദ്രസർക്കാർ വാദിച്ചു. അതിനാൽ ഇതര മതസ്ഥർ ബോർഡിന്റെ ഭാഗമാകുന്നത് മതേതര സംവിധാനം നിലനിർത്തുമെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഇന്നും വാദം തുടരും.