നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയയ്ക്കും പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് ഇഡി
Thursday, May 22, 2025 1:40 AM IST
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും കോണ്ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കുമെതിരേ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുമെന്ന് ഇഡി.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിൽ വരുമാനമായി 142 കോടി രൂപ ഇരുവരും കൈപ്പറ്റിയതായും ഇഡി ഡൽഹി റൗസ് അവന്യു പ്രത്യേക കോടതിയിൽ വ്യക്തമാക്കി.
രാഹുലിനും സോണിയ യ്ക്കുമെതിരേ ഇഡി സമർപ്പിച്ച കുറ്റപത്രം കോടതി പരിഗണിക്കണോ എന്നതു സംബന്ധിച്ച പ്രാരംഭ വാദത്തിനിടയിലാണ് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കേസിലെ പ്രധാന പരാതിക്കാരനായ ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമിക്ക് കുറ്റപത്രത്തിന്റെ പകർപ്പ് നൽകാൻ ഇന്നലത്തെ വാദത്തിനിടയിൽ പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ ഇഡിയോട് നിർദേശിച്ചു.
കുറ്റപത്രം പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു കേസ് മാറ്റിവയ്ക്കണമെന്ന കക്ഷികളുടെ ആവശ്യം ഇഡി എതിർത്തു. തുടർന്ന് ജൂലൈ രണ്ടുമുതൽ എട്ടുവരെ ദിവസേന ഇഡിയുടെ ബാക്കി വാദവും തുടർന്ന് മറ്റു കക്ഷികളുടെ വാദവും കോടതി കേൾക്കുമെന്ന് പ്രത്യേക ജഡ്ജി വ്യക്തമാക്കി.
ഏപ്രിൽ ആദ്യവാരമാണ് രാഹുലിനെയും സോണിയയെയും ഒന്നും രണ്ടും പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചത്.