ഒളിപ്പോരിൽ കേമൻ, എൻജിനിയറിംഗ് ബിരുദധാരി
Thursday, May 22, 2025 1:40 AM IST
റായ്പുർ: അരനൂറ്റാണ്ടായി രാജ്യത്തെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചയാളാണു സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊലപ്പെട്ട ബസവരാജു.
ഛത്തീസ്ഗഡ് സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നെങ്കിലും മൂന്നുതലങ്ങളിലായുള്ള സുരക്ഷാസംഘത്തിന്റെ ഒപ്പം വനത്തിനുള്ളിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. സായുധ പോരാട്ടത്തിലും ഒളിപ്പോർ യുദ്ധതന്ത്രങ്ങളിലും വിദഗ്ധനായ ബസവരാജുവിന്റെ വർഷങ്ങൾ പഴക്കമുള്ള ഏതാനും ഫോട്ടോകൾ മാത്രമാണു സുരക്ഷാസേനകളുടെ പക്കലുണ്ടായിരുന്നത്.
ആന്ധ്രയിലെ ശ്രീകാകുളം ജിയ്യന്നപേട്ട് സ്വദേശിയായ ഇയാൾക്ക് ഏഴുപതു വയസ് പിന്നിട്ടതായി കണക്കാക്കുന്നു. സ്കൂള്‍ അധ്യാപകന്റെ മകനായി ജനിച്ച ബസവരാജു വാറങ്കൽ ആർഇസിയിൽനിന്ന് ബിടെക് ബിരുദം നേടിയശേഷമാണ് മാവോയിസ്റ്റ് ആശയങ്ങളിലേക്കു പൂർണമായും തിരിഞ്ഞത്. പ്രകാശ്, കൃഷ്ണ, വിജയ്, ഉമേഷ്, കംലു എന്നീ പേരുകളിലും സംഘടനയ്ക്കുള്ളിൽ അറിയപ്പെടുന്നു.
2018ൽ മുപ്പാല ലക്ഷ്മണ റാവു എന്ന ഗണപതിയുടെ പകരക്കാരനായാണു സിപിഐ(മാവോയിസ്റ്റ്) സംഘടനയുടെ തലപ്പത്ത് എത്തുന്നത്. 2004 മുതൽ ജനറൽ സെക്രട്ടറിയായി തുടരുന്ന ഗണപതി ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്.
ഈ ഘട്ടത്തിലാണ് സിപിഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്-പീപ്പിൾസ് വാർ), മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ (എംസിസി) എന്നിവ ലയിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) രൂപംകൊള്ളുന്നത്. ഗണപതയുടെ സുഹൃത്തും ആദ്യജനറൽ സെക്രട്ടറിയുമായ സീത രാമയ്യയുടെ കീഴിലാണ് ബസവരാജു സായുധപോരാട്ടം അഭ്യസിച്ചത്.
ബസവരാജു തലപ്പത്ത് എത്തിയതോടെ ഒട്ടേറെ ആക്രമണങ്ങളാണു സുരക്ഷാസേനയ്ക്കുനേരേ നടന്നത്. 2010ല്‍ 76 സിആര്‍പിഎഫ് ജവാന്മാരുടെ ജീവൻ അപഹരിച്ച ദന്തേവാഡ ആക്രമണത്തിന്റെ സൂത്രധാരൻ ബസവരാജുവായിരുന്നു.
ബിജാപുർ-സുക്മ അതിർത്തിയിലെ തെക്കൽഗുഡം ഗ്രാമത്തിൽ 2018ൽ 22 സുരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ട ആക്രമണം, 2002ൽ സുക്മയിൽ 17 സുരക്ഷാഭടന്മാരുടെ ജീവൻ നഷ്ടമായ ആക്രമണം, ആന്ധ്രാപ്രദേശിലെ ടിഡിപി എംഎല്‍എ കെ. സര്‍വേശ്വര റാവുവും മുന്‍ എംഎല്‍എ ശിവാരി സോമയും കൊല്ലപ്പെട്ട ആക്രമണം എന്നിവിയിലെല്ലാം ബസവരാജുവിനു പങ്കുണ്ടായിരുന്നു.
ബിജാപുർ-സുക്മ ജില്ലയിലെ വനമേഖലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വ്യാപക തെരച്ചിൽ നടത്തിയിരുന്നെങ്കിലും ബസവരാജുവിനെ പിടികൂടനായായിരുന്നില്ല. ഛത്തീസ്ഗഡ് സർക്കാരിനു പുറമേ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന സർക്കാരുകളും ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
രാഷ്ട്രീയമായി സംഘടനയെ നയിക്കുന്നതിനു പകരം സായുധ പോരാട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച ബസവരാജുവിനെ ഇല്ലാതാക്കിയതോടെ ഛത്തിസ്ഗഡ് ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് രക്തച്ചൊരിച്ചിലിന് അറുതി വരുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.