വിദ്യാഭ്യാസഫണ്ട് തടയൽ: കേന്ദ്രത്തിനെതിരേ തമിഴ്നാട് സുപ്രീംകോടതിയിൽ
Thursday, May 22, 2025 1:41 AM IST
ന്യൂഡൽഹി: സമഗ്ര ശിക്ഷാ പദ്ധതിപ്രകാരം 2151.59 കോടി രൂപയുടെ വിദ്യാഭ്യാസഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ത്രിഭാഷാ ഫോർമുലയ്ക്കും പിഎം ശ്രീ പദ്ധതിക്കും തങ്ങൾ എതിരായതിനാലാണു ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞതെന്ന് തമിഴ്നാട് ഹർജിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്രം തടഞ്ഞുവച്ച ഫണ്ട് ആറുശതമാനം പലിശയുൾപ്പെടെ 2291.3 കോടി രൂപയാക്കി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവച്ചുകൊണ്ട് പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുകയാണ്. സംസ്ഥാനങ്ങൾ പിന്തുടരുന്ന വിദ്യാഭ്യാസനയം ഇല്ലാതാക്കാനും കേന്ദ്രസർക്കാർ ശ്രമിക്കുന്നു.
വിദ്യാഭ്യാസഫണ്ടുകൾ നിർത്തലാക്കുന്നത് നിയമനിർമാണം നടത്താനുള്ള സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അധികാരം കവർന്നെടുക്കുന്നതിനു തുല്യമാണെന്നും തമിഴ്നാട് ആരോപിച്ചു. സാന്പത്തികസഹായത്തിന്റെ മറവിൽ സ്വന്തം നയങ്ങൾ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ലെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി.
സമാന വിഷയത്തിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട ധനസഹായം നിഷേധിക്കുന്ന കേന്ദ്രനടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരളവും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.