ബാനു മുഷ്താഖിന് ബുക്കർ പ്രൈസ്
Thursday, May 22, 2025 1:40 AM IST
ബംഗളൂരു: കർണാടക സ്വദേശിനി ബാനു മുഷ്താഖിന് ഇന്റർനാഷണൽ ബുക്കർ പ്രൈസ്.
ഹാർട്ട് ലാംപ് (ഹൃദയ ദീപ) എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ കന്നഡ കൃതിയാണ് ഹാർട്ട് ലാംപ്. ആറു കൃതികളുടെ ചുരുക്കപ്പട്ടികയിൽനിന്നാണ് ഹാർട്ട് ലാംപ് പുരസ്കാരം നേടിയത്.
അതിജീവനത്തിന്റെയും തിരിച്ചുവരവിന്റെയും ആശ്ചര്യപ്പെടുത്തുന്ന ചിത്രീകരണങ്ങളാണ് ബാനു മുഷ്താഖിന്റെ രചനകളെന്ന് അവാർഡ് നിർണയസമിതി വിലയിരുത്തി. വൈവിധ്യങ്ങളുടെ വിജയമാണ് തന്റെ പുരസ്കാരമെന്ന് ബാനു മുഷ്താഖ് പ്രതികരിച്ചു.
മാധ്യമപ്രവർത്തകയായ ദീപ ബസ്തിയാണു കഥാസമാഹാരം ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്. 1990 മുതൽ 2023 വരെ എഴുതിയ കഥകളിൽനിന്നു തെരഞ്ഞെടുത്ത 12 എണ്ണമാണ് ഹാർട്ട് ലാംപിലുള്ളത്. ആത്മകഥാംശമുള്ള കഥകളാണിവ.
മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണ് ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിക്കുക. 50,000 പൗണ്ട് രചയിതാവിനും വിവർത്തനം ചെയ്തയാളിനും പങ്കിടും.
ആദ്യമായാണ് ചെറുകഥാ സമാഹാരത്തിന് ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിക്കുന്നത്. 2022ൽ ബുക്കർ പുരസ്കാരം ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാൻഡ് എന്ന കൃതിക്കായിരുന്നു.