ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് നേതാവ് ബസവരാജുവിനെ വധിച്ചു
Thursday, May 22, 2025 1:40 AM IST
നാരായൺപുർ: ഛത്തീസ്ഗഡിൽ നിരവധി ആക്രമണങ്ങൾക്കു നേതൃത്വം നൽകിയ സിപിഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറിയും പിടികിട്ടാപ്പുള്ളിയുമായ ബസവരാജു എന്നറിയപ്പെടുന്ന നന്പാല കേശവ റാവു ഉൾപ്പെടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ബസ്തർ മേഖലയിൽ രണ്ടുദിവസമായി തുടർന്ന ഏറ്റുമുട്ടലിൽ സംസ്ഥാന പോലീസിന്റെ ജില്ലാ റിസർവ് ഗാർഡ് അംഗം കൊല്ലപ്പെട്ടതിനുപുറമേ ഏതാനും സേനാംഗങ്ങൾക്കു പരിക്കേറ്റെന്നും പോലീസ് അറിയിച്ചു.
നാരായൺപുർ, ദന്താവാഡെ, ബിജാപുർ, കൊണ്ടാഗാവ് എന്നിവിടങ്ങളിൽ നിന്നുള്ള ജില്ലാ റിസർവ് സംഘങ്ങളുടെ നേതൃത്വത്തിൽ മാവോയിസ്റ്റ് ശക്തികേന്ദ്രമായ അബുജ്മദ് വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. വൻതോതിൽ ആയുധങ്ങളും ഇവരിൽനിന്നു പിടിച്ചെടുത്തു.
നക്സലിസത്തെ ഉന്മൂലനം ചെയ്യാനുള്ള പോരാട്ടത്തിലെ നാഴികക്കല്ലെന്നാണ് ഏറ്റുമുട്ടലിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശേഷിപ്പിച്ചത്. മാവോയിസ്റ്റ്വിരുദ്ധ നടപടിയിൽ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണു ജനറല്‍ സെക്രട്ടറി റാങ്കിലുള്ള നേതാവിനെ സുരക്ഷാസേന ഇല്ലാതാക്കിയതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മുതിർന്ന മാവോയിസ്റ്റ് നേതാവിന്റെ മരണം ആഭ്യന്തരമന്ത്രികൂടിയായ ഉപമുഖ്യമന്ത്രി വിജയ് ശർമ സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ സുരക്ഷാസേന ഇരുനൂറിലധികം മാവോയിസ്റ്റുകളെ വധിച്ചു. ബസ്തർ മേഖലയിൽമാത്രം 183 പേരാണ് കൊല്ലപ്പെട്ടത്.