വെടിയൊച്ച നിലയ്ക്കുന്നില്ല; സിരകളിൽ ഒഴുകുന്നത് സിന്ദൂരമെന്ന് മോദി
Friday, May 23, 2025 1:28 AM IST
ബികാനർ: സിന്ദൂരം വെടിമരുന്നായി മാറുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് രാജ്യത്തിന്റെ ശത്രുക്കൾ പഠിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനെ മുട്ടുകുത്തിച്ചതിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ചതായും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന പൊതുയോഗത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
“22 മിനിറ്റിൽ പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ നശിപ്പിച്ചു. സിന്ദൂരം വെടിമരുന്നായി മാറിയപ്പോൾ എന്താണ് സംഭവിക്കുന്നതെന്നു ലോകവും രാജ്യത്തിന്റെ ശത്രുക്കളും കണ്ടു. മോദിയുടെ സിരകളിൽ ഒഴുകുന്നത് രക്തമല്ല, സിന്ദൂരമാണ്. ഓരോ ഭീകരാക്രമണങ്ങൾക്കും പാക്കിസ്ഥാൻ വലിയ വില നൽകേണ്ടിവരും. പാക്കിസ്ഥാനുമായി ഇനി വ്യാപാരമോ ചർച്ചയോ ഉണ്ടാകില്ല. പാക് അധീന കാഷ്മീർ സംബന്ധിച്ചുമാത്രമേ ചർച്ചയുള്ളൂ”- അദ്ദേഹം പറഞ്ഞു.
“ആണവഭീഷണികൾക്കു മുന്നിൽ ഇന്ത്യ ഭയപ്പെടില്ല. ഭീകരാക്രമണം ഉണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകും. പാക്കിസ്ഥാന് നേരിട്ടു പോരാടി ജയിക്കാൻ കഴിയില്ല. അതിനാലാണ് ഭീകരവാദം ആയുധമാക്കി മാറ്റുന്നത്.
പാക്കിസ്ഥാൻ തീവ്രവാദികളെ കയറ്റുമതി ചെയ്യുന്നത് തുടർന്നാൽ, അവർ ഓരോ ചില്ലിക്കാശിനും യാചിക്കേണ്ടിവരും. ഇന്ത്യക്കാരുടെ രക്തംകൊണ്ട് കളിച്ചാൽ പാക്കിസ്ഥാൻ വലിയ വില നൽകേണ്ടിവരും”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.