വഖഫ് ഭേദഗതി നിയമം; വാദം പൂർത്തിയായി
Friday, May 23, 2025 1:28 AM IST
ന്യൂഡൽഹി: കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമം 2025 ലെ വിവിധ വ്യവസ്ഥകൾ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി വാദം പൂർത്തിയാക്കി ഇടക്കാല ഉത്തരവിനായി മാറ്റി.
തുടർച്ചയായ മൂന്നു ദിവസത്തെ വാദത്തിനുശേഷമാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചായിരുന്നു കേസ് ആദ്യം പരിഗണിച്ചത്. എന്നാൽ വിരമിക്കുന്നതിനുമുന്പ് വിഷയത്തിൽ തീർപ്പ് കൽപ്പിക്കാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി പുതിയ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് കേസ് റഫർ ചെയ്യുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച വാദം ആരംഭിച്ചപ്പോൾ ഹർജിക്കാർ തങ്ങളുടെ ഭാഗം കോടതിയിൽ വ്യക്തമാക്കി.
മൂന്ന് മണിക്കൂറും 45 മിനിറ്റും നീണ്ട വാദത്തിൽ വഖഫ് ഭേദഗതി നിയമം ഭരണഘടനയിലെ നിരവധി വകുപ്പുകൾ ഖണ്ഡിക്കുന്നതായി ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിംഗ്വി, ഹുസൈഫ അഹമ്മദി, രാജീവ് ധവാൻ തുടങ്ങിയവർ ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം തടയുന്നതിനാണ് നിലവിലെ ഭേദഗതി നടപ്പാക്കിയതെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബുധനാഴ്ച കേന്ദ്ര സർക്കാരിനുവേണ്ടി വാദം ആരംഭിച്ചത്.
വഖഫ് ഇസ്ലാമിന്റെ അഭിഭാജ്യഘടകമല്ലെന്നും മതേതര പ്രവർത്തങ്ങൾ നിർവഹിക്കുന്നതിനാൽ വഖഫ് ബോർഡുകളിലേക്ക് അമുസ്ലിംകളെ ഉൾപ്പെടുത്താമെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ പ്രധാന വാദം.
എന്നാൽ ഇന്നലെ വാദം ആരംഭിച്ചപ്പോൾ വഖഫ് ഇസ്ലാമിന്റെ അവിഭാജ്യഘടകമാണെന്നും ദാനധർമം ഇസ്ലാമിൽ അനിവാര്യമായ ആചാരമാണെന്നും കേന്ദ്രസർക്കാരിന്റെ വാദത്തിനു മറുപടിയായി കപിൽ സിബൽ ചൂണ്ടിക്കാട്ടി.
ഭേദഗതി നിയമത്തിലെ സെക്ഷൻ മൂന്ന് (സി) പ്രകാരം വഖഫ് സ്വത്ത് സർക്കാർ ഭൂമിയാണോ അല്ലയോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്ന നിമിഷം വഖഫ് പദവി താത്കാലികമായി റദ്ദാക്കും. ഇതിനർഥം വിധിന്യായത്തിന് മുന്പുതന്നെ വഖഫിന് അതിന്റെ പദവി നഷ്ടപ്പെടുന്നുവെന്നും കേന്ദ്രവാദത്തിന് സിബൽ മറുപടി നൽകി.
എന്നാൽ വഖഫ് പദവി നഷ്ടപ്പെടില്ലെന്നും റവന്യു രേഖകളിൽ ഒരു എൻട്രി മാത്രമായിരിക്കും ഇതെന്നുമായിരുന്നു കേന്ദ്രം ബുധനാഴ്ച സെക്ഷൻ മൂന്ന് (സി) യുമായി ബന്ധപ്പെട്ടു വ്യക്തമാക്കിയത്. ഇടക്കാല സ്റ്റേ ആവശ്യപ്പെടുന്ന തരത്തിലുള്ള വ്യവസ്ഥകളൊന്നും നിയമത്തിലില്ലെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.