പഹൽഗാം ഭീകരാക്രമണത്തിന് ഒരു മാസം; ഭീകരർ കാണാമറയത്ത്
Friday, May 23, 2025 1:28 AM IST
പഹൽഗാം: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ മലയാളിയായ രാമചന്ദ്രൻ അടക്കം 26 ടൂറിസ്റ്റുകളെ ഭീകരർ കൊലപ്പെടുത്തിയിട്ട് ഇന്നലെ ഒരു മാസം പിന്നിട്ടു.
ഏപ്രിൽ 22ന് നിരപരാധികളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ ഭീകരരെ പിടികൂടാൻ ഇതുവരെ സുരക്ഷാസേനയ്ക്കു കഴിഞ്ഞിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാക്കിസ്ഥാനു തക്ക മറുപടി നല്കിയെങ്കിലും പഹൽഗാം ആക്രമണത്തിൽ നേരിട്ടു പങ്കെടുത്ത ടിആർഎഫ് ഭീകരരെല്ലാം കാണാമറയത്തുതന്നെയാണ്. ഇവർ അതിർത്തി കടന്നോ എന്നതിലും വ്യക്തതയില്ല.
ആയിരക്കണക്കിനു ടൂറിസ്റ്റുകൾ വരുന്നിടത്ത് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻപോലും ഇല്ലാതിരുന്നതിന്റെ വീഴ്ച ആർക്കെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരർക്കു കടുത്ത മറുപടിയാണ് ഇന്ത്യൻ സൈന്യം നല്കിയത്.
കാഷ്മീരിൽ രണ്ടു ദിവസത്തിനിടെ ആറു ഭീകരരെ സുരക്ഷാസേന വധിച്ചു. കേസിന്റെ അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നൂറിലേറെ പേരെ ചോദ്യംചെയ്തു. നൂറിലേറെ പേരെ പൊതു സുരക്ഷാനിയമ പ്രകാരം അറസ്റ്റ് ചെയ്ത് വിവിധ ജയിലുകളിൽ അടച്ചു. ഒന്പതു ഭീകരരുടെ വീടുകൾ അധികൃതർ തകർത്തു.
ആക്രമണത്തിൽ നേരിട്ടു പങ്കെടുത്ത അനന്ത്നാഗ് സ്വദേശി ആദിൽ ഹുസൈൻ തോക്കർ, പാക് പൗരന്മാരായ അലി ഭായ്, ഹാഷിം മൂസ എന്നീ ഭീകരരുടെ രേഖാചിത്രം എൻഐഎ പുറത്തുവിട്ടിരുന്നു. ഭീകരരെക്കുറിച്ചു വിവരം നല്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്ററുകളും വിവിധ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ആക്രമണത്തിൽ എത്ര പേർ പങ്കെടുത്തുവെന്ന കാര്യത്തിലും വ്യക്തയില്ല. നാലു മുതൽ ആറു വരെ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം. മതമേതാണെന്നു ചോദിക്കുകയും കലിമ ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തശേഷമാണ് ഭീകരർ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയതെന്നു പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.