ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിന് പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചെന്ന് പൈലറ്റ്
Friday, May 23, 2025 1:28 AM IST
ന്യൂഡൽഹി: ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്കു പോകവേ ആകാശച്ചുഴിയിൽപ്പെട്ട ഇൻഡിഗോ വിമാനത്തിന് അല്പനേരം പാക് വ്യോമപാത ഉപയോഗിക്കാനുള്ള അഭ്യർഥന നിരസിക്കപ്പെട്ടുവെന്ന് പൈലറ്റ്.
ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തൃണമൂൽ കോൺഗ്രസ് എംപിമാർ ഉൾപ്പെടെ 220 യാത്രക്കാരും ഒന്പതു ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പെട്ടെന്ന് ആകാശച്ചുഴിയിൽപ്പെട്ടതോടെ പൈലറ്റ് പാക് വ്യോമപാത ഉപയോഗിക്കാനായി ലാഹോർ എയർ ട്രാഫിക് കൺട്രോളിന്റെ അനുമതി തേടിയെങ്കിലും അനുവദിച്ചില്ല. തുടർന്ന് ശ്രീനഗർ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കി.
യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാടുണ്ടായി. അമൃത്സറിനു മുകളിലൂടെ പറക്കവേയാണ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടത്. തുടർന്നാണു പൈലറ്റ് പാക് വ്യോമപാതയിലേക്കു പറക്കാൻ ലാഹോർ എയർ ട്രാഫിക് കൺട്രോളിന്റെ (എടിസി) അനുമതി തേടിയത്.