103 അമൃത് ഭാരത് സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Friday, May 23, 2025 1:28 AM IST
ന്യൂഡൽഹി: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരം രാജ്യത്തുടനീളമുള്ള 103 അമൃത് ഭാരത് സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്ലൈനായി രാജസ്ഥാനിൽ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതിന്റെ ശേഷി വർധിപ്പിക്കുന്നതിനുമായി 1100 കോടി രൂപ ചെലവിലാണ് 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 86 ജില്ലകളിലെ പുനർവികസിപ്പിച്ച 103 അമൃത് സ്റ്റേഷനുകൾ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചത്.
കർണി മാതാ ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും പ്രയോജനപ്പെടുന്ന ദേഷ്നോക്ക് റെയിൽവേ സ്റ്റേഷൻ, കാകതീയ സാമ്രാജ്യത്തിന്റെ വാസ്തുവിദ്യയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട തെലുങ്കാനയിലെ ബീഗംപെറ്റ് റെയിൽവേ സ്റ്റേഷൻ, മധുബനി ചിത്രങ്ങൾ ചിത്രീകരിക്കുന്ന വിവിധ ചുവർചിത്രങ്ങളും കലാസൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുള്ള ബിഹാറിലെ താവേ സ്റ്റേഷൻ, രഞ്ചോദ്രായി ജി മഹാരാജിൽനിന്നു പ്രചോദനം ഉൾക്കൊണ്ട ഗുജറാത്തിലെ ഡാകോർ സ്റ്റേഷൻ എന്നിവ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരം പുനർവികസിപ്പിച്ച സ്റ്റേഷനുകളിൽപ്പെടുന്നു. 18 സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളിൽ കേരളത്തിൽനിന്ന് വടകരയും ചിറയിൻകീഴും ആധുനികവത്കരണത്തിന് വിധേയമായവയിൽ ഉൾപ്പെടുന്നു.
പ്രാദേശിക വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്നതിനും യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി രൂപകല്പന ചെയ്ത 1,300ലധികം സ്റ്റേഷനുകൾ പദ്ധതി പ്രകാരം ആധുനിക സൗകര്യങ്ങളോടെ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു.
ഇന്ത്യൻ റെയിൽവേ അതിന്റെ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണത്തിലേക്ക് നീങ്ങുകയാണെന്നും റെയിൽവേ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാകുകയാണെന്നും കേന്ദ്രം അറിയിച്ചു. ഇതിനനുസൃതമായി ചുരു-സാദുൽപൂർ റെയിൽ പാതയുടെ (58 കിലോമീറ്റർ) ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു.
സൂറത്ത്ഗഡ്-ഫലോഡി (336 കിലോമീറ്റർ); ഫൂലേര-ദേഗന (109 കിലോമീറ്റർ); ഉദയ്പൂർ-ഹിമ്മത്നഗർ (210 കിലോമീറ്റർ); ഫലോഡി-ജയ്സാൽമർ (157 കിലോമീറ്റർ), സാംദാരി-ബാർമർ (129 കിലോമീറ്റർ) റെയിൽ പാത വൈദ്യുതീകരണം എന്നിവയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.