ജവാന്മാർക്ക് വീരമൃത്യു
Friday, May 23, 2025 1:28 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാൻ വീരമൃത്യു വരിച്ചു. ഛത്രുവിലെ ഷിംഗ്പോറ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. നാലു ഭീകരരെ സുരക്ഷാസേന വളഞ്ഞിരിക്കുകയാണെന്ന് കരസേനയുടെ വൈറ്റ് നൈറ്റ് കോർ അറിയിച്ചു. കൂടുതൽ സൈനികരെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡ്
റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫിന്റെ കോബ്ര കമാൻഡോ വീരമൃത്യു വരിച്ചു. ഒരു കമാൻഡോയ്ക്കു പരിക്കേറ്റു. തുംറേൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.
ബുധനാഴ്ച നാരായൺപുർ-ബിജാപുർ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ഉന്നത മാവോയിസ്റ്റ് നേതാവ് ബസവരാജു അടക്കം 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു.
നാരായൺപുർ: ഛത്തീസ്ഗഡ് പോലീസിന്റെ ഭാഗമായ ഡിആർജി ജവാൻ ഐഇഡി സ്ഫോടനത്തിൽ വീരമൃത്യു വരിച്ചു. വനമേഖലയായ അഭുജ്മാദിലായിരുന്നു സ്ഫോടനമുണ്ടായത്. 27 മാവോയിസ്റ്റുകളെ വധിച്ച ഏറ്റുമുട്ടലിനുശേഷം മടങ്ങിയ ഡിആർജി ജവാൻ രമേഷ് ഹേമ്ലയാണ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ചത്.
മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയിൽ ജവാൻ അബദ്ധത്തിൽ ചവിട്ടിയപ്പോഴായിരുന്നു സ്ഫോടനമുണ്ടായത്. ബുധനാഴ്ച നടന്ന ഏറ്റുമുട്ടൽ ഡിആർജി ജവാൻ ഖോത്ലുറാം കോറം വീരമൃത്യു വരിച്ചിരുന്നു.