ആക്രമണം ഇനിയുണ്ടായാൽ ഭീകരരെ പാക്കിസ്ഥാനിൽ ആക്രമിക്കും: ജയശങ്കർ
Friday, May 23, 2025 1:28 AM IST
ന്യൂഡൽഹി: പഹൽഗാമിൽ നടന്നതുപോലുള്ള മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ ഭീകരരെ പാക്കിസ്ഥാനിൽ വച്ച് ആക്രമിക്കുമെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ.
ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്നു പാക്കിസ്ഥാൻ നടിക്കുന്നത് നിർത്തണമെന്നും നെതർലൻഡ്സ് സന്ദർശനത്തിനിടെ ഡച്ച് ദിനപത്രമായ ‘ഡി വോൾക്സ്ക്രാന്റി’നു നൽകിയ അഭിമുഖത്തിൽ വിദേശകാര്യമന്ത്രി ജയശങ്കർ വ്യക്തമാക്കി.
‘ഓപ്പറേഷൻ സിന്ദൂറി’ൽ വ്യക്തമായൊരു സന്ദേശമുണ്ട്. ഏപ്രിൽ 22ന് പഹൽഗാമിൽ കണ്ട തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ തീവ്രവാദികളെ ആക്രമിക്കുമെന്ന പ്രതികരണമുണ്ടാകും. ഭീകരർ പാക്കിസ്ഥാനിലാണെങ്കിൽ അവർ എവിടെയാണോ അവിടെവച്ച് അവരെ ആക്രമിക്കും.
ഇന്ത്യൻ ഉദ്യോഗസ്ഥർ നേരത്തേ പറഞ്ഞതുപോലെ ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിപ്പിച്ചിട്ടില്ല. പക്ഷേ ഓപ്പറേഷൻ തുടരുന്നത് പരസ്പരം വെടിവയ്ക്കുന്നതിന് തുല്യമല്ല. ഇപ്പോൾ, പോരാട്ടത്തിന്റെയും സൈനിക നടപടിയുടെയും ഒരു യോജിച്ച വിരാമമുണ്ട്.
ഭീകരതയുടെ പ്രഭവകേന്ദ്രമാണു പാക്കിസ്ഥാൻ എന്ന 2022ലെ പ്രസ്താവന ആവർത്തിക്കുകയാണെന്നും ജയശങ്കർ പറഞ്ഞു. ആംസ്റ്റർഡാമിന്റെ മധ്യത്തിൽ പതിനായിരക്കണക്കിന് ആളുകൾ സൈനിക പരിശീലനത്തിനായി ഒത്തുകൂടുന്ന സൈനികകേന്ദ്രങ്ങളുണ്ടെന്നു കരുതുക. അവിടുത്തെ സർക്കാരിന് അതിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആരെങ്കിലും പറയുമോയെന്നും വിദേശകാര്യമന്ത്രി ചോദിച്ചു.
ഭീകരസംഘടനകളുടെ പ്രവർത്തനത്തിൽ പാക്കിസ്ഥാൻ ഉൾപ്പെട്ടിട്ടില്ലെന്നു നടിക്കരുത്. രാജ്യം ഉൾപ്പെട്ടിട്ടുണ്ട്. സൈന്യത്തിന് അതിൽ പങ്കുണ്ട്. എന്താണു സംഭവിക്കുന്നതെന്ന് പാക്കിസ്ഥാന് അറിയില്ലെന്ന ആഖ്യാനവുമായി പൊരുത്തപ്പെടരുത്.
ഐക്യരാഷ്ട്രസഭയുടെ പട്ടികയിലുള്ള ഏറ്റവും കുപ്രസിദ്ധരായ തീവ്രവാദികൾ പാക്കിസ്ഥാനിലാണ്. അവർ വലിയ നഗരങ്ങളിൽ പ്രവർത്തിക്കുന്നു. പകൽവെളിച്ചത്തിൽ. അവരുടെ വിലാസങ്ങൾ അറിയാം. അവരുടെ പ്രവർത്തനങ്ങൾ അറിയാം. അവരുടെ പരസ്പരബന്ധങ്ങൾ അറിയാം.
വളരെ ക്രൂരമായൊരു ഭീകരാക്രമണമാണ് ജമ്മുകാഷ്മീരിലുണ്ടായത്. അവിടെ 26 പേരുടെ വിശ്വാസം സ്ഥിരീകരിച്ച ശേഷം അവരുടെ കുടുംബങ്ങളുടെ മുന്നിൽ കൊല്ലപ്പെട്ടു. മനഃപൂർവം ആക്രമണത്തിനു മതപരമായ നിറം നൽകി. അത്തരം നീക്കങ്ങൾ ലോകം അംഗീകരിക്കരുത്.
മതപരമായ ഭിന്നത സൃഷ്ടിക്കാനും കാഷ്മീരിന്റെ സന്പദ്വ്യവസ്ഥയുടെ പ്രധാന അടിത്തറയായ ടൂറിസത്തെ തകർക്കാനുമാണ് ഭീകരർ ലക്ഷ്യമിട്ടതെന്ന് ഡച്ച് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഒഎസിനു നൽകിയ അഭിമുഖത്തിൽ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ മതപരമായ തീവ്ര വീക്ഷണമാണ് പഹൽഗാമിലെ ഭീകരരെ നയിച്ചതെന്നു നേരത്തേ ജയശങ്കർ പറഞ്ഞിരുന്നു.
അമേരിക്കയുടെ മധ്യസ്ഥത ഇല്ലെന്ന് ആവർത്തിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ശക്തമായി നിരാകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടു ചർച്ച ചെയ്ത് ഉഭയകക്ഷി ധാരണയനുസരിച്ചായിരുന്നു വെടിനിർത്തൽ.
മൂന്നാം കക്ഷിയുടെ മധ്യസ്ഥതയില്ലാതെയാണെന്നും ജയശങ്കർ വ്യക്തമാക്കി. പാക്കിസ്ഥാന്റെ വ്യോമതാവളങ്ങളിൽ ഇന്ത്യ നടത്തിയ പ്രതികാര ആക്രമണമാണ് വെടിനിർത്തലിനു പാക്കിസ്ഥാനെ നിർബന്ധിതരാക്കിയതെന്നും മന്ത്രി പറഞ്ഞു.
വെടിനിർത്തൽ സംബന്ധിച്ച് നേരിട്ടു ചർച്ച നടത്തിയത് ന്യൂഡൽഹിയും ഇസ്ലാമാബാദും മാത്രമാണ്. ഇതിനെ വെടിനിർത്തൽ ധാരണ എന്നു ഇന്ത്യൻ സർക്കാർ വിളിക്കുന്നു. പാക്കിസ്ഥാന്റെ വ്യോമതാവളങ്ങളിൽ ഇന്ത്യ നടത്തിയ പ്രതികാര ആക്രമണങ്ങളാണു പാക്കിസ്ഥാൻ സൈന്യത്തെ വെടിനിർത്തലിന് ശ്രമിക്കാൻ നിർബന്ധിതരാക്കിയത്.
പാക് സൈന്യം ഔദ്യോഗിക സൈനിക ഹോട്ട്ലൈൻ വഴി ഇന്ത്യയെ ബന്ധപ്പെട്ടാണ് വെടിനിർത്തലിനു തുടക്കമിട്ടത്. ഈ പ്രക്രിയയിൽ അമേരിക്ക എവിടെയാണെന്നു ചോദിച്ചപ്പോൾ ‘യുഎസ് അമേരിക്കയിലായിരുന്നു’ എന്നായിരുന്നു ജയശങ്കറിന്റെ മറുപടി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ സാധ്യമാക്കിയതു താനാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആറാമതും ആവർത്തിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ വീണ്ടുമുള്ള ഔദ്യോഗിക വിശദീകരണം. പാക് സൈനികനേതൃത്വം ഇന്ത്യയുടെ സൈനിക നേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്തിയാൽ മാത്രമേ വെടിനിർത്തൽ പരിഗണിക്കുകയുള്ളൂവെന്ന് അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളോടും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
അതാണു സംഭവിച്ചത്. കഴിഞ്ഞ ഏഴിനും പത്തിനും ഇടയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ നടന്നപ്പോൾ നിരവധി രാജ്യങ്ങൾ ഇന്ത്യയുമായി ബന്ധപ്പെട്ടിരുന്നു. യുഎസ് ഒറ്റയ്ക്കല്ല -നെതർലൻഡ്സിൽ ഡച്ച് പബ്ലിക് ബ്രോഡ്കാസ്റ്ററായ എൻഒഎസ് റിപ്പോർട്ടർ സാൻഡർ വാൻ ഹൂണിനു നൽകിയ അഭിമുഖത്തിൽ ജയശങ്കർ വിശദീകരിച്ചു.
എങ്കിലും നാലു ദിവസത്തെ സൈനിക സംഘർഷത്തിലുടനീളം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും ബന്ധപ്പെട്ടിരുന്നുവെന്ന് ജയശങ്കർ സമ്മതിച്ചു. ആണവായുധങ്ങളുള്ള രണ്ടു അയൽക്കാർ തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളിൽ പശ്ചിമേഷ്യയിലെയും മറ്റു പ്രദേശങ്ങളിലെയും രാജ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വൈസ് പ്രസിഡന്റ് വാൻസ് പ്രധാനമന്ത്രിയോടു സംസാരിച്ചു. സ്റ്റേറ്റ് സെക്രട്ടറി റൂബിയോ തന്നോടു സംസാരിച്ചു. പാക്കിസ്ഥാനികളുമായും അവർ സംസാരിക്കുകയായിരുന്നു. യുഎസ് ഒറ്റയ്ക്കല്ല. മറ്റുപല രാജ്യങ്ങളും ബന്ധപ്പെട്ടിരുന്നു. രണ്ടു രാജ്യങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുന്പോൾ രാജ്യങ്ങൾ വിളിക്കുന്നത് സ്വാഭാവികമാണെന്നും ജയശങ്കർ പറഞ്ഞു.