ഓഹരിവിപണിയിൽ തിരിച്ചുവരവ്
Thursday, May 22, 2025 12:15 AM IST
മുംബൈ: തുടർച്ചയായ മൂന്നു ദിവസത്തെ ഇടിവിനുശേഷം ഇന്ത്യൻ ഓഹരിവിപണി നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് നിഫ്റ്റിയും ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സെൻസെക്സും നേട്ടത്തിലെത്തി. ഓട്ടോ, ഐടി, ഫാർമ ഓഹരികളിലുണ്ടായ വാങ്ങലുകളാണ് മുന്നേറ്റത്തിനു കാരണമായത്. എന്നാൽ വ്യാപാരത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന കുതിപ്പ് ഉച്ചകഴിഞ്ഞുള്ള സെഷനിൽ തുടരാനായില്ല. വിശാല വിപണികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
സെൻസെക്സ് 410.19 പോയിന്റ് (0.51%) ഉയർന്ന് 81,596.63ലും നിഫ്റ്റി 129.55 പോയിന്റ് (0.52) നേട്ടത്തിൽ 24,813.45ലും ക്ലോസ് ചെയ്തു. 2214 ഓഹരികൾ ഉയർന്നപ്പോൾ 1615 എണ്ണം താഴ്ന്നു. 126 ഓഹരികൾ മാറ്റമില്ലാതെ നിന്നു.
എൻഎസ്ഇയിലെ മേഖലാ സൂചികകൾ കൂടുതലും ഉയർന്നു. റിയൽറ്റി ഓഹരികളാണ് നേട്ടങ്ങൾക്ക് നേതൃത്വം നൽകിയത്. നിഫ്റ്റി റിയൽറ്റി സൂചിക 1.72 ശതമാനം ഉയർന്നു, പിന്നാലെ നിഫ്റ്റി ഫാർമ 1.25 ശതമാനവും നിഫ്റ്റി ഓട്ടോ, ഐടി തുടങ്ങിയവ യഥാക്രമം 0.72 ശതമാനം, 0.69 ശതമാനം മുന്നേറി.
മറ്റ് മേഖലാ സൂചികകളിൽ എഫ്എംസിജി, ഇൻഫ്രാസ്ട്രക്ചകർ, ഉൗർജം, പൊതുമേഖലാ ബാങ്കുകൾ എന്നിവയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. 0.49 ശതമാനം താഴ്ന്ന കണ്സ്യൂമർ ഡ്യൂറബിൾസ് സൂചികയാണ് ഇന്നലെ ഏറ്റവും മോശം പ്രകടനം നടത്തിയത്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികകൾ നേരിയ ഉയർച്ചയോടെ മാറ്റമില്ലാതെയിരുന്നു.
വിശാല വിപണിയെ ഉൾക്കൊള്ളുന്ന നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 സൂചികകൾ യഥാക്രമം 0.78 ശതമാനം, 0.38 ശതമാനം മുന്നേറി.
പിൻവലിക്കൽ തുടരാതെ എഫ്ഐഐകൾ
ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐകൾ) തുടർച്ചയായ രണ്ടു ദിവസത്തെ വില്പനയ്ക്കുശേഷം ഇന്നലെ ഓഹരി വിപണിയിലേക്ക് നിക്ഷേപം നടത്തി. 2201.79 കോടിയുടെ വാങ്ങലുകളാണ് നടത്തിയത്. എഫ്ഐഐകൾ ഇന്നലെ 13,355.91 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും 11,154.12 കോടി രൂപയുടെ ഓഹരികൾ വില്ക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച എഫ്ഐഐകൾ അഞ്ചിൽ നാലു ദിവസവും ഇന്ത്യൻ വിപണിയിലെ നിക്ഷേപക്കാരായിരുന്നു. എന്നാൽ ഈ ആഴ്ചയുടെ ആദ്യ രണ്ടു ദിവസം നിക്ഷേപം പിൻവലിക്കുകയാണ് ചെയ്തത്. തിങ്കളാഴ്ച 525.95 കോടി മൂല്യമുള്ള ഓഹരികൾ വിറ്റു. ചൊവ്വാഴ്ച 10,016 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
രണ്ടു മാസത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും വലിയ വില്പനയാണിതെന്ന് എൻഎസ്ഇയുടെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (ഡിഐഐകൾ) 6,738 കോടിയുടെ ഓഹരികൾ വാങ്ങി വിപണിയെ താങ്ങിനിർത്തി. തിങ്കളാഴ്ച ആഭ്യന്തര നിക്ഷേപകർ വിൽപ്പനക്കാരായിരുന്നു.
മേയ് 20ലെ വ്യാപാര സെഷനിൽ വിദേശ നിക്ഷേപകർ 14,789 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും 24,804 കോടി രൂപയുടെ ഓഹരികൾ വിൽക്കുകയും ചെയ്തു. ഡിഐഐകൾ 15,376 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും 8,638 കോടി രൂപയുടെ ഓഹരികൾ വിൽക്കുകയും ചെയ്തു.