ഡല്‍ഹിയെ വീഴ്ത്തി മുംബൈ പ്ലേ ഓഫില്‍
Thursday, May 22, 2025 12:55 AM IST
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണ് പ്ലേ ഓഫിൽ നാലാം ടീമിനെ ഉറപ്പിക്കുന്ന നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 59 റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ പ്രവേശിച്ചു.
തോൽവിയോടെ ഡൽഹി പുറത്തായി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ തകർന്നടിഞ്ഞപ്പോൾ സൂര്യകുമാർ യാദവ് കൂറ്റനടികളുമായി രക്ഷകനായി. വാലറ്റത്ത് നമാൻ ധിര്ന്റെ വെടിക്കെട്ട് കൂടിയായതോടെ സ്കോർ 180 റണ്‍സിലെത്തിച്ച് മുംബൈ ആത്മവിശ്വാസം വീണ്ടെടുത്തു.
അക്സർ പട്ടേലിന്റെ അഭാവത്തിൽ ജീവൻ മരണ പോരാട്ടത്തിൽ ഡൽഹിയെ നയിച്ച ഫാഫ് ഡു പ്ലെസിയെ തന്നെ മടക്കി മുംബൈ ബൗളിംഗിൽ ആധിപത്യം തുടങ്ങി. മിന്നും ഫോമിലുള്ള കെ.എൽ. രാഹുലിനെ നിലയുറപ്പിക്കും മുന്‍പേ പറഞ്ഞയച്ചതോടെ മുംബൈ കളി വരുതിയിലാക്കി. തുടർച്ചയായി വിക്കറ്റുകൾ വീണതോടെ ഡൽഹി മത്സരം കൈവിട്ടു. സ്കോർ: മുംബൈ: 20 ഓവറിൽ 180/5. ഡല്‍ഹി: 18.2 ഓവറില്‍ 121.
സൂര്യൻ ആളിക്കത്തി
ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടക്കത്തിൽതന്നെ തിരിച്ചടി നേരിട്ടു. സ്കോർ 23ൽ രോഹിത് ശർമ (5) പുറത്തായി. വിൽ ജാക്സ് സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ (21) രണ്ടാം വിക്കറ്റായി മടങ്ങി. റയാൻ റിക്കൾട്ടൻ (25) മൂന്നാമനായി മടങ്ങുന്പോൾ സ്കോർ 6.4 ഓവറിൽ 58/3.
പിന്നാലെയെത്തിയ സൂര്യകുമാർ യാദവ് (43 പന്തിൽ പുറത്താകാതെ 73 റണ്‍സ്) പതിവ് ശൈലിയിൽ തകർത്തടിച്ചതോടെ മുംബൈ ഇന്നിംഗ്സിന് വീണ്ടും ജീവൻ വച്ചു. കൂട്ടായെത്തിയ തിലക് വർമയുടെ (27 പന്തിൽ 27 റണ്‍സ്) മെല്ലെപ്പോക്ക് തിരിച്ചടിയായി.
സ്കോർ 160 കടക്കില്ലെന്ന് തോന്നിച്ച അവസരത്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് (3) പിന്നാലെയെത്തിയ നമാൻ ധിര്‍ (8 പന്തിൽ 24 റണ്‍സ്) കൂറ്റനടികളുമായി അവസാന ഓവറുകളിൽ കത്തിയറിയതോടെ സ്കോർ 180ൽ എത്തി.
സമ്മർദം മറികടക്കാനായില്ല
നിർണായക പോരാട്ടത്തിൽ ലക്ഷ്യം ഭേദിക്കാനിറങ്ങിയ ഡൽഹിക്ക് സമ്മർദം മറികടക്കാനായില്ല. ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയെ (6) മടക്കി മുംബൈ തിരിച്ചടി തുടങ്ങി. സ്കോർ പന്ത്രണ്ടിൽ നിൽക്കേ ഡു പ്ലെസിയെ ദീപക് ചാഹർ മിച്ചൽ സാന്റനറുടെ കൈകളിലെത്തിച്ചു.
പിന്നാലെ ഡൽഹിയുടെ ബാറ്റിംഗ് നട്ടെല്ലായ കെ.എൽ. രാഹുൽ (11) ട്രെന്റ് ബോൾട്ടിന് വിക്കറ്റ് നൽകി മടങ്ങിയതോടെ ഡൽഹി സമ്മർദത്തിലായി. രണ്ടു ഫോറുകളുമായി തകർപ്പനടിക്ക് തുടക്കമിട്ട ശേഷമാണ് രാഹുൽ മടങ്ങിയത്.
അഭിഷേക് പോറൽ (6) ജാക്സിനു മുന്നിൽ വീണപ്പോൾ സ്കോർ 27 റണ്‍സ് മാത്രം. തകർച്ചയിലേക്ക് വീണ ഡൽഹിയെ സമീർ റിസ്വി (19), വിപ്രാജ് നിഗം (20) ചേർന്ന് മുന്നോട്ടു നയിക്കാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 55ല്‍ നിക്കേ വിപ്രാജ് വീണു. ട്രിസ്റ്റൻ സ്റ്റബ്സിനെ (2) ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ഡൽഹിയുടെ പ്രതീക്ഷകൾ അസ്തമിച്ചു.