ഋഷഭ് പന്തിനെ ഫോമിലാക്കാം; ഉപദേശവുമായി യോഗ്രാജ് സിംഗ്
Thursday, May 22, 2025 12:55 AM IST
ചണ്ഡിഗഡ്: ഐപിഎല്ലിൽ റണ്‍സ് കണ്ടെത്താൻ പാടുപെടുന്ന ലക്നോ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്തിന് ഉപദേശവുമായി മുൻതാരം യോഗ്രാജ് സിംഗ്. ഋഷഭ് പന്തിന്റെ സാങ്കേതിക പ്രശനങ്ങൾ അഞ്ച് മിനിറ്റുകൊണ്ട് പരിഹരിക്കാമെന്നാണ് വാഗ്ദാനം.
ബാറ്റിംഗിന് നിൽക്കുന്പോൾ പന്തിന്റെ തല ഉറയ്ക്കുന്നില്ല. ഇത് ശ്രദ്ധ നഷ്ടമാവാൻ കാരണമാകുന്നു. ഇടത് തോളിന്റെ സ്ഥാനം കൂടി ശരിയാക്കിയാൽ പന്തിന് ഫോമിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് മുൻതാരം യുവരാജ് സിംഗിന്റെ അച്ഛൻ കൂടിയായ യോഗ്രാജ് സിംഗ് പറഞ്ഞു.
27 കോടി രൂപയുടെ റിക്കാർഡ് തുകയ്ക്ക് ലക്നോ സ്വന്തമാക്കിയ ഋഷഭ് പന്തിന് ഈ സീസണിലെ പന്ത്രണ്ട് കളിയിൽ 135 റണ്‍സ് മാത്രമാണ് നേടാനായത്. ഐപിഎൽ കരിയറിൽ പന്തിന്റെ ഏറ്റവും മോശം സീസണ് കൂടിയാണിത്.