ഇംഗ്ലണ്ട് പര്യടനം: ഇന്ത്യൻ ടീമും ക്യാപ്റ്റനും ശനിയാഴ്ച
Thursday, May 22, 2025 12:55 AM IST
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെയും പുതിയ ടെസ്റ്റ് ക്യാപ്റ്റനെയും ശനിയാഴ്ച പ്രഖ്യാപിക്കും. ശനിയാഴ്ച നടക്കുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷം ഉച്ചയ്ക്ക് 12 മണിയോടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ടിവന്നത്. ജസ്പ്രീത് ബുംറ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ തുടങ്ങിയവരുടെ പേരുകൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്.
എന്നാൽ ബുംറ പിൻമാറാൻ തീരുമാനിച്ചു. ഇംഗ്ലണ്ടിലെ അഞ്ച് ടെസ്റ്റുകളും കളിക്കുമെന്ന് ഉറപ്പ് നൽകാൻ കഴിയില്ലെന്ന് ബുംറ വ്യക്തമാക്കിയിരുന്നു.
നിലവിൽ ഗില്ലിന്റെയും പന്തിന്റെയും പേരുകളാണ് നായകസ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്.
ക്യാപ്റ്റൻ സ്ഥാനം ഇരുവരിലേക്കുമാണ് നീളുന്നതെങ്കിലും സെലക്ഷൻ കമ്മിറ്റിയിൽ ഭിന്നത തുടരുകയാണ്.
ടെസ്റ്റ് ടീമിൽ ഗില്ലിന് ഇതുവരെ സ്ഥാനം ഉറച്ചിട്ടില്ലാത്തതിനാൽ സെലക്ടർമാരിൽ ഒരാൾക്ക് അതൃപ്തിയുണ്ട്.
25കാരനായ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കുന്നത് അദ്ദേഹത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നുള്ള അഭിപ്രായവും ഉയർന്നു.