പ്രണോയ് രണ്ടാം റൗണ്ടിൽ; പി.വി. സിന്ധു പുറത്ത്
Thursday, May 22, 2025 12:55 AM IST
ക്വാലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂർണമെന്റ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ്, സതീഷ് കരുണാകരൻ എന്നിവർ തകർപ്പൻ വിജയങ്ങളോടെ രണ്ടാം റൗണ്ടിൽ. അതേസമയം ഇരട്ട ഒളിന്പിക് മെഡൽ ജേതാവായ പി.വി. സിന്ധു ആദ്യ റൗണ്ടിൽ തന്നെ പുറത്തായത് നിരാശയായി.
ഒരു മണിക്കൂറും 22 മിനിറ്റും നീണ്ടുനിന്ന കനത്ത പോരാട്ടത്തിലാണ് പിന്നിൽനിന്ന് തിരിച്ചടിച്ച് പ്രണോയ് ജയിച്ചുകയറിയത്. അഞ്ചാം സീഡ് ജപ്പാന്റെ കെന്റ നിഷിമോട്ടോയെ 19-21, 21-17, 21-16 എന്ന സ്കോറിനാണ് പ്രണോയ് പരാജയപ്പെടുത്തിയത്.
മൂന്നാം സീഡ് ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെന്നിനെതിരേ 21-13, 21-14 സ്കോറിനാണ് വെറും 39 മിനിറ്റ് നീണ്ട ഏകപക്ഷീയ പോരാട്ടത്തിൽ കരുണാകരൻ ജയിച്ചത്.
ആദ്യ റൗണ്ട് കടക്കാൻ കഴിയാത്ത പി.വി. സിന്ധു മോശം ഫോം തുടർന്നു. വിയറ്റ്നാമിന്റെ നുയെൻ തുയ് ലിനിനോട് 11-21, 21-14, 21-15 സ്കോറിന് പരാജയപ്പെട്ടാണ് ടൂർണമെന്റിൽനിന്ന് പുറത്തായത്.