“കണ്ണ് തിരുമ്മാനും പാടില്ലേ?”; കരഞ്ഞെന്ന പ്രചാരണം തള്ളി വൈഭവ്
Thursday, May 22, 2025 12:55 AM IST
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) അരങ്ങേറ്റ മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ പുറത്തായപ്പോൾ കരഞ്ഞുകൊണ്ടാണു കളംവിട്ടതെന്ന പ്രചാരണം തള്ളി രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരൻ വൈഭവ് സൂര്യവംശി.
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനുശേഷം പഞ്ചാബിന്റെ യുവതാരം മുഷീർ ഖാനുമായി സംസാരിക്കുന്പോഴാണ് എന്താണ് സംഭവിച്ചതെന്ന് വൈഭവ് വെളിപ്പെടുത്തിയത്.
പുറത്തായപ്പോൾ കരഞ്ഞിട്ടില്ലെന്നും, വെളിച്ചമടിച്ച് കണ്ണുവേദനിച്ചപ്പോൾ തിരുമ്മുക മാത്രമാണ് ചെയ്തതെന്നും വൈഭവ് വെളിപ്പെടുത്തി. “എന്റെ കണ്ണിന് നല്ല വേദനയുണ്ടായിരുന്നു. ഒൗട്ടായ സമയത്ത് ഞാൻ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിലേക്കു നോക്കിയപ്പോൾ വെളിച്ചം കണ്ണിലടിച്ചു. അതോടെ ഞാൻ കണ്ണു തിരുമ്മിയതാണ് കരഞ്ഞതായി പ്രചരിച്ചത്’’- വൈഭവ് വിശദീകരിച്ചു.
രാജസ്ഥാൻ റോയൽസ് പങ്കുവച്ച വീഡിയോയിലാണ് അരങ്ങേറ്റ മത്സരത്തിൽ പുറത്തായപ്പോൾ കരഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വൈഭവ് തള്ളിക്കളഞ്ഞത്.