മലയാളികളുടെ മാറഡോണ ഇനി ഓര്മ...
Friday, May 23, 2025 12:41 AM IST
സെബി മാളിയേക്കല്‍
കാല്‍പ്പന്തിന്റെ സര്‍വ സൗന്ദര്യവും ആവാഹിച്ച്, ചാട്ടുളിപോലെ വലതു വിംഗിലൂടെ പ്രതിരോധനിരയെ കീറിമുറിച്ച് എതിരാളികളുടെ ഗോള്‍ പോസ്റ്റില്‍ നിറയൊഴിച്ചിരുന്ന ‘മലയാളികളുടെ സ്വന്തം മാറഡോണ’ എ. നജിമുദ്ദീന്‍ ഇനി ഓര്മ.
1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോള്‍ ഫൈനല്‍ മത്സരത്തില്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ ടി.കെ.എസ്. മണിക്ക് മൂന്നാം ഗോള്‍ നേടാന്‍ വഴിയൊരുക്കിയത് നജിമുദ്ദീന്‍ വലതു വിംഗില്‍നിന്നും നല്കിയ ക്രോസ് ആയിരുന്നു. നജിമുദ്ദീന്റെ വിടവാങ്ങലോടെ പ്രഥമ കിരീടം നേടിയ 26 അംഗ ടീമിലെ പന്ത്രണ്ടാമനും ഭൂഗോളം വിട്ടു.
1972 കേരള യൂണിവേഴ്സിറ്റിക്കായി കളിച്ചു തുടങ്ങിയ നജിമുദ്ദീന്‍ തൊട്ടടുത്ത വര്‍ഷം ടൈറ്റാനിയം ടീമില്‍ ചേര്‍ന്നു; അതോടെ കേരള ടീമിലും എത്തി. 73 മുതല്‍ 81 വരെ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. 79ല്‍ കേരളത്തിന്റെ ക്യാപ്റ്റനായി.
76ല്‍ ബാങ്കോക്കില്‍ ഇന്ത്യന്‍ ജൂണിയര്‍ ടീമിനായി ബൂട്ടു കെട്ടി. തൊട്ടടുത്ത വര്‍ഷം ഇന്ത്യന്‍ സീനിയര്‍ ടീമിനായി റഷ്യ, ഹംഗറി ടീമുകള്‍ക്കെതിരേ കളത്തിലിറങ്ങി. 75ല്‍ കോഴിക്കോട് നടന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ ബെസ്റ്റ് പ്ലെയര്‍ ആയി. അതേവര്‍ഷംതന്നെ ബെസ്റ്റ് ഫുട്ബോളര്‍ക്കുള്ള ജി.വി. രാജ അവാര്‍ഡും.
1992വരെ 20 വര്‍ഷക്കാലം ടൈറ്റാനിയത്തിനായി കളിച്ചു. തുടര്‍ന്ന് ക്ലബ്ബിന്റെ കോച്ചും ടീം മാനേജറുമായി. ഇതിനിടയില്‍ ഇന്ത്യയിലെ പ്രധാന മൈതാനങ്ങളിലെല്ലാം കാല്‍പ്പന്തിന്റെ രാജാക്കന്മാരായ ബംഗാള്‍ കടുവകളുടെ പേടിസ്വപ്നമായി.
“1978ലെ നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്റ്. പ്രീമിയര്‍ ടയേഴ്സ് ഉള്‍പ്പെടെയുള്ള കേരളത്തിലെ ഫുട്ബോള്‍ തമ്പുരാക്കന്മാരെയെല്ലാം ബംഗാള്‍ ടീമുകള്‍ വീഴ്ത്തിയപ്പോള്‍ നജിമുദ്ദീന്‍ ക്യാപ്റ്റനായുള്ള ടൈറ്റാനിയം ഫൈനലിലേക്കു കുതിച്ചു.
ടൈറ്റാനിയത്തിന്റെ മുന്‍നിര പോരാളികളായ എന്‍.ജെ. ജോസ്, ശങ്കരന്‍കുട്ടി, നജുമുദീന് എന്നിവരുടെ സ്വപ്നതുല്യമായ പ്രകടത്തിലായിരുന്നു സെമി വിജയവും മോഹന്‍ ബഗാനെതിരേ ഫൈനല്‍ കളിക്കാനുള്ള എന്‍ട്രിയും. ജോസും ശങ്കരനും നേരത്തേ പോയി, ഇപ്പോള്‍ നജിമുദീനും.
രണ്ടു പതിറ്റാണ്ടിലേറെ ഞങ്ങള്‍ ഒരുമിച്ചു കളിച്ചു. അസിസ്റ്റന്റ് കൊമേഴ്സ്യല്‍ മാനേജരായാണ് ഇരുവരും വിരമിച്ചതെങ്കിലും ഞാന്‍ അവനേക്കാള്‍ ഒമ്പതു മാസംമുമ്പ് റിട്ടയര്‍ ചെയ്തു’’ - അന്നത്തെ ടൈറ്റാനിയം ഗോളിയും പ്രിയമിത്രവുമായ എന്‍.കെ. ഇട്ടി മാത്യു പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇട്ടിമാത്യുവിന് നജുമുദീന്റെ ഫോണ്‍കോള്‍ വന്നത്. ഒരിക്കല്‍കൂടി നമുക്ക് കളിക്കണം. ഗോളിയുടെ വേഷത്തില്‍ എന്റെ ഒരു കിക്ക് നീ തടയണം എന്നായിരുന്നു ആവശ്യം.
രോഗബാധിതനായി വിശ്രമ ജീവിതം നയിക്കുന്ന കളിക്കൂട്ടുകാരന്റെ ആഗ്രഹം നിറവേറ്റാന്‍ നാലു ദിവസത്തിനകം 73-ാം വയസിലും ഗോളിയുടെ ജഴ്സിയണിഞ്ഞ് ഇട്ടി മാത്യു എറണാകുളത്തുനിന്നും കൊല്ലത്തെ നജിമുദ്ദീന്റെ വീട്ടിലെത്തി. ഒന്നല്ല, രണ്ടു കിക്കുകള്‍ തടുത്തു. കുശലം പറഞ്ഞു, പഴയകാല ഓര്‍മകള്‍ പങ്കുവച്ചു.
ഇന്നലെയും ഇട്ടിയും 1973 സന്തോഷ് ട്രോഫി വിന്നിംഗ് ടീമില്‍ ഗോളിയായിരുന്ന രവിയും (ജി. രവീന്ദ്രന് നായര്‍) ഐസിയുവിലെത്തി നജിമുദ്ദീനെ കണ്ടിരുന്നു.