ടോട്ടന്‍ഹാം യൂറോപ്പ ലീഗ് ചാന്പ്യന്മാർ
Friday, May 23, 2025 12:41 AM IST
സെവിയ്യ (സ്പെയിന്): 15 കിലോഗ്രാം തൂക്കവും 67 സെന്റിമീറ്റര്‍ ഉയരവുമുള്ള, ഉള്ളില്‍ സ്വര്‍ണവും പുറമേ വെള്ളി നിറത്താലും തീര്‍ത്ത യുവേഫ യൂറോപ്പ ലീഗ് ട്രോഫിയില്‍ ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ താരങ്ങളുടെ ചുടുചുംബനം.
ദ ലില്ലി വൈറ്റ്സ്്, സ്പര്‍സ് എന്നെല്ലാം അറിയപ്പെടുന്ന വെള്ള ജഴ്സിക്കാരുടെ 17 വര്‍ഷം നീണ്ട ട്രോഫി കാത്തിരിപ്പിനും ഇതോടെ അവസാനമായി. 2024-25 സീസണ് യൂറോപ്പ ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയായിരുന്നു വെള്ളക്കാര്‍ വെള്ളിക്കപ്പില്‍ മുത്തംവച്ചത്. 42-ാം മിനിറ്റില്‍ ബ്രണ്ണന്‍ ജോണ്‍സന്റെ വകയായിരുന്നു സ്പര്‍സിന്റെ ജയം കുറിച്ച ഗോള്‍.
ഇംഗ്ലീഷ് ക്ലബ്ബുകള്‍ തമ്മിലുള്ള ഫൈനലില്‍ 16 ഷോട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തൊടുത്തു. എന്നാല്‍, അതില്‍ മൂന്ന് എണ്ണം മാത്രമായിരുന്നു ഓണ്‍ ടാര്‍ഗറ്റ്. 42-ാം മിനിറ്റില്‍ പെപ് സാറിന്റെ ഫ്രീകിക്ക് ബ്രണ്ണന്‍ ജോണ്സണ് ഗോളിലേക്കു തിരിച്ചുവിടാന്‍ ശ്രമിച്ചു. എന്നാല്‍, തൊട്ടുപിന്നിലുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫെന്‍ഡര്‍ ലൂക്ക് ഷായുടെ ദേഹത്തുതട്ടി പന്ത് വലയില്‍.
ഗോള്‍ ലൈന്‍ സേവ്!
68-ാം മിനിറ്റില്‍ ടോട്ടന്‍ഹാം സെന്റര്‍ ഡിഫെന്‍ഡര്‍ മിക്കി വാന്‍ ഡി വെന്‍ നടത്തിയ ഗോള്‍ ലൈന്‍ സേവാണ് ജയത്തില്‍ നിര്‍ണായകം. യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് തടയാന്‍ ടോട്ടന്‍ഹാം ഗോള്‍ കീപ്പര്‍ ഗുഗ്ലിയല്‍മോ വികാരിയോ നടത്തിയ ശ്രമം വിഫലം.
പന്ത് നേരേ ലഭിച്ചത് യുണൈറ്റഡ് സ്ട്രൈക്കര്‍ റാസ്മസ് ഹോജ്ലണ്ടിന്റെ പാകത്തിന്. ഒഴിഞ്ഞ ഗോള്‍ പോസ്റ്റിലേക്ക് ഹോജ്ലണ്ടിന്റെ ഹെഡര്‍. പന്ത് ഗോള്‍ ലൈന്‍ കടക്കുന്നതിനു മുമ്പ് പറന്നുയര്‍ന്നു വാന്‍ ഡി വെന്റെ തൊഴിച്ചകറ്റി. ലില്ലിപ്പൂവിന്റെ വെള്ളനിറക്കാര് രക്ഷപ്പെട്ട നിര്‍ണായക നിമിഷമായിരുന്നു അത്.
17 വര്‍ഷത്തെ കാത്തിരിപ്പ്
നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് സ്പര്‍സ് ഒരു സുപ്രധാന ട്രോഫി സ്വന്തമാക്കുന്നത്. 2008ല്‍ ഇംഗ്ലീഷ് ലീഗ് കപ്പ് സ്വന്തമാക്കിയശേഷമുള്ള ആദ്യ കിരീടം. 1983-84നു ശേഷം ടോട്ടന്‍ഹാം നേടുന്ന ആദ്യ യൂറോപ്യന്‍ ട്രോഫിയുമാണിത്, 41 വര്‍ഷത്തിനുശേഷമുള്ള യൂറോപ്യന്‍ കിരീട ധാരണം. യൂറോപ്പ ലീഗില്‍ ടോട്ടന്‍ഹാം ജേതാക്കളാകുന്നത് ഇതു മൂന്നാം തവണയാണ്.
കന്നി ട്രോഫിയില്‍ സണ്‍
ടോട്ടന്‍ഹാമിന്റെ ക്യാപ്റ്റന്‍ സണ്‍ ഹ്യൂങ് മിന്നിനിത് ക്ലബ് കരിയറിലെ ആദ്യ ട്രോഫി. 2010ല്‍ സീനിയര്‍ കരിയര്‍ ആരംഭിച്ച ഈ ദക്ഷിണകൊറിയന്‍ താരം 2015 മുതല്‍ ടോട്ടന്‍ഹാമിലാണ്. ഹാരി കെയ്ന്‍ ട്രോഫിക്കായി കഴിഞ്ഞ സീസണിനു മുമ്പ് ടോട്ടന്‍ഹാം വിട്ടെങ്കിലും സണ്‍ ഹ്യൂങ് മിന് അനങ്ങിയില്ല.
ഒടുവില്‍ 2024-25 സീസണില്‍ ഹാരി കെയ്നിന് (ജര്‍മന്‍ ബുണ്ടസ് ലിഗ) ഒപ്പം സണ്‍ ഹ്യൂങ് മിന്നിനും കന്നിട്രോഫി ലഭിച്ചു. സണ്ണിന് യൂറോപ്യന്‍ ട്രോഫിയുടെ തിളക്കമുണ്ടെന്നതാണ് ശ്രദ്ധേയം.