"പാക് നടപടി മനുഷ്യത്വരഹിതം'
Saturday, May 24, 2025 1:14 AM IST
ന്യൂഡൽഹി: അപകടകരമായ മോശം കാലാവസ്ഥയിലും ഇന്ത്യൻ യാത്രാവിമാനത്തിന് പാക് വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചത് വിവാദമാകുന്നു.
രാജ്യാന്തര മര്യാദകളുടെ ലംഘനമാണിതെന്നും പാക്കിസ്ഥാന്റേത് മനുഷ്യത്വരഹിത നടപടിയാണെന്നുമാണ് ആക്ഷേപം. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ആലിപ്പഴം വീഴ്ചയിൽ സാരമായി കേടുപാട് സംഭവിച്ച ഡൽഹി-ശ്രീനഗർ വിമാനമാണ് കനത്ത ആകാശച്ചുഴി ഒഴിവാക്കാനായി പാക്കിസ്ഥാൻ വ്യോമപാത അഭ്യർഥിച്ചതും അഭ്യർഥന നിരസിക്കപ്പെട്ടതും. അഞ്ച് തൃണമൂൽ എംപിമാരടക്കം 222 യാത്രികരുണ്ടായിരുന്ന വിമാനം പിന്നീട് സുരക്ഷിതമായി ശ്രീനഗറിൽ ഇറക്കുകയായിരുന്നു.
ഡൽഹിയിൽനിന്ന് ശ്രീനഗർ ലക്ഷ്യമിട്ടു പറക്കുകയായിരുന്ന ഇൻഡിഗോയുടെ 6 ഇ 2142 വിമാനം പത്താൻകോട്ടിനടുത്തുവച്ചാണ് മോശം കാലാവസ്ഥയെത്തുടർന്ന് ആകാശച്ചുഴിയിൽപ്പെട്ടതെന്ന് ഡിജിസിഎ അറിയിച്ചു. മോശം കാലാവസ്ഥ ഒഴിവാക്കാൻ പൈലറ്റുമാർ അന്താരാഷ്ട്ര അതിർത്തിയിലേക്ക് വ്യതിചലിക്കാൻ ആദ്യം ഇന്ത്യൻ വ്യോമസേനയോട് അഭ്യർഥിച്ചെങ്കിലും നിരസിക്കപ്പെട്ടു.
പിന്നീട് പാക്കിസ്ഥാൻ വ്യോമാതിർത്തിയിലേക്ക് ഹ്രസ്വ സമയത്തേക്കു പ്രവേശിക്കുന്നതിനായി പൈലറ്റുമാർ അഭ്യർഥിച്ചെങ്കിലും ലാഹോറിലെ എയർട്രാഫിക് കണ്ട്രോൾ നിരസിക്കുകയായിരുന്നു. അഭ്യർഥനകൾ നിരസിക്കപ്പെട്ടതോടെ വിമാനം തങ്ങളുടെ യഥാർഥ പാത നിലനിർത്തുകയും കനത്ത പ്രക്ഷുബ്ധത നേരിടുകയുമായിരുന്നു.
പിന്നീട് ശ്രീനഗറിലേക്കുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ റൂട്ട് തെരഞ്ഞെടുത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തു. പഹൽഹാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-പാക് ബന്ധം സംഘർഷത്തിലേക്കു നീങ്ങിയപ്പോഴായിരുന്നു പാക്കിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തി ഇന്ത്യൻ വിമാനങ്ങൾക്കു വിലക്കിയത്.
വ്യോമപാതയിൽനിന്നു വ്യതിചലിക്കുന്നുവെന്നുള്ള അഭ്യർഥനകൾ പൈലറ്റുമാർ രണ്ടുതവണ നൽകിയിരുന്നുവെന്നും രണ്ടുതവണയും നിഷേധിക്കപ്പെട്ടിരുന്നുവെന്നും ഇന്ത്യൻ വ്യോമസേനയ്ക്കും ലാഹോർ എയർ ട്രാഫിക് കണ്ട്രോളിനും നൽകിയ അഭ്യർഥനകൾ ചൂണ്ടിക്കാട്ടി വിസ്താര എയർലൈനിന്റെ മുൻ ചീഫ് സ്ട്രാറ്റജി ആൻഡ് കമേഴ്സ്യൽ ഓഫീസർ സഞ്ജീവ് കപൂർ പറഞ്ഞു.
ഒരു വിമാനത്തിന് എവിടെയൊക്കെ പറക്കാമെന്നതിൽ പൈലറ്റുമാർക്ക് നോട്ടീസ് നേരത്തേ നൽകുന്നതാണ്. ഈ നോട്ടീസ് മറികടക്കണമെങ്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ശ്രീനഗർ എടിസി പരിധിയിൽ പ്രവേശിക്കുന്നതുവരെ ഇൻഡിഗോ വിമാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലെന്നും സഞ്ജീവ് കപൂർ ചൂണ്ടിക്കാട്ടി.
നിയന്ത്രണരേഖയ്ക്കടുത്ത് പാക് ഷെൽ ആക്രമണം നേരിട്ട ജനങ്ങളെ സന്ദർശിക്കാൻ പോകുകയായിരുന്ന അഞ്ച് തൃണമൂൽ എംപിമാരും യാത്രാസംഘത്തിലുണ്ടായിരുന്നു.
മരണത്തെ മുഖാമുഖം കണ്ട അനുഭവമായിരുന്നുവെന്നും ജനങ്ങൾ വിമാനത്തിനുള്ളിൽ കരയുകയും പ്രാർഥിക്കുകയും ചെയ്യുകയായിരുന്നുവെന്നുമാണ് തൃണമൂൽ എംപി സാഗരിക ഘോഷ് യാത്രയ്ക്കുശേഷം പ്രതികരിച്ചത്.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത പൈലറ്റിനെ അഭിനന്ദിച്ച സാഗരിക, വിമാനമിറങ്ങിയതിനുശേഷമാണ് മുൻഭാഗം തകർന്നിരിക്കുന്നത് കണ്ടതെന്നും പറഞ്ഞു. ആകാശച്ചുഴിയിൽപ്പെട്ടു വിമാനം ആടിയുലയുന്പോൾ യാത്രക്കാരെടുത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.